ഗുരുവായൂർ: ഗുരുവായൂരിൽ ആചാരലംഘനം നടത്തിയ അഡ്മിനിസ്ട്രേറ്റർ ടി. ബ്രീജാകുമാരി വിവാദത്തിൽ. രാത്രിശീവേലിയ്ക്കുശേഷം നടക്കുന്ന തൃപ്പുകപൂജ സമയത്ത് നാലമ്പലത്തിനകത്ത് കയറിയാണ് അഡ്മിനിസ്ട്രേറ്റർ ആചാരം ലംഘിച്ചത്. വ്യാഴാഴ്ച്ച രാത്രിയാണ് ആചാരാനുഷ്ഠാനങ്ങളെ മറികടന്ന് അഡ്മിനിസ്ട്രേറ്റർ മറ്റ് ചിലർക്കൊപ്പം തൃപ്പുകപൂജാ സമയത്ത് നാലമ്പലത്തിനകത്ത് ദർശനം നടത്തിയത്
രാത്രിശീവേലിയ്ക്കുശേഷം ശാന്തി തിടമ്പുമായി ശ്രീലകത്തുകയറി നടത്തുന്ന പൂജാചടങ്ങാണ് തൃപ്പുക. ഈ സമയത്ത് ക്ഷേത്രം പ്രവർത്തിക്കാർക്കും, ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും മാത്രമെ നാലമ്പലത്തിനകത്തേയ്ക്ക് പ്രവേശനമുള്ളു. മുൻപ് ക്ഷേത്രത്തിലെ ഒരു തന്ത്രിയും, കുടുംബാംഗങ്ങളും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്ത് പ്രവേശിച്ചതിന് ഭരണസമിതി നോട്ടീസയച്ച് വിശദീകരണം എഴുതിവാങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അഡ്മിനിസ്ട്രേറ്ററുടെ ആചാരലംഘനം പ്രതിഷേധത്തിന് ഇടയാക്കുന്നത്.
കൊറോണ മാനദണ്ഡങ്ങളനുസരിച്ച് നാലമ്പലത്തിനകത്തേക്ക് പുറമേനിന്നുള്ള ഭക്തർക്കും, പ്രവർത്തിയിൽ ഇല്ലാത്ത പാരമ്പര്യക്കാർക്കും, ഡ്യൂട്ടിയിലില്ലാത്ത ജീവനക്കാർക്കും പോലും പ്രവേശനം നിഷേധിച്ചിരിക്കെയാണ് അഡ്മിനിസ്ട്രേറ്ററുടെ അധികാരം ദുരുപയോഗം ചെയ്ത് ഇവർ ഒപ്പമുണ്ടായിരുന്നവരെയും കൂട്ടി അകത്ത് കടന്നത്. സുരക്ഷാ ജീവനക്കാർ ആചാരലംഘനത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെങ്കിലും ഇവർ ഗൗനിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.
വിശേഷ ദിനങ്ങളിൽ പോലും തൃപ്പുക സമയത്ത് നാലമ്പലത്തിനകത്തേയ്ക്ക് അനുവദിക്കപ്പെട്ടവരല്ലാത്തവരുടെ പ്രവേശനം കർശനമായി വിലക്കിയിരുന്നു. സിപിഎം മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മകൾ കൂടിയാണ് ബ്രീജാകുമാരി. വ്യവസായ പ്രമുഖർ ഉൾപ്പെടെയുളളവരായിരുന്നു ഇവർക്കൊപ്പമുണ്ടായിരുന്ന സംഘത്തിലെന്ന് സൂചനയുണ്ട്. സംഭവത്തിൽ ആചാരലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായ വിഷയമാണെന്നും ഉത്തരവാദികൾക്കെതിരേ നടപടി വേണമെന്നും ഹിന്ദു സംഘടനകൾ ആവശ്യമുയർത്തിയിട്ടുണ്ട്