കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാൻ ഇന്ത്യക്ക് കഴിയുമെന്ന് കേന്ദ്രം India

കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം. മൈനസ് 15 മുതല്‍ മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള വാക്‌സിനുകള്‍ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

നിശ്ചിത താപനിലയില്‍ വാക്സിനുകള്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന 29,000 ത്തിലധികം കോള്‍ഡ് ചെയിന്‍ പോയിന്റുകള്‍ രാജ്യത്തുണ്ടെന്നാണ് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. രാജ്യത്ത് നിലവില്‍ ഉപയോഗിക്കുന്ന കൊവിഷീല്‍ഡ്, കൊവാക്സിന്‍ എന്നീ വാക്സിനുകള്‍ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്.

സ്പുട്നിക് വി വാക്സിന് മൈനസ് 18 ഡിഗ്രിയില്‍ സംഭരണം ആവശ്യമാണ്. 37 സംസ്ഥാന വാക്സിന്‍ സ്റ്റോറുകള്‍, 114 പ്രാദേശിക വാക്സിന്‍ സ്റ്റോറുകള്‍, 723 ജില്ലാ വാക്സിന്‍ സ്റ്റോറുകള്‍, 28,268 ഉപജില്ലാ വാക്സിന്‍ സ്റ്റോറുകള്‍ എന്നിവയുണ്ട്. സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയും കൊവിഡ് വാക്സിനേഷന്റേയും ആവശ്യകത അടിസ്ഥാനമാക്കി, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കോള്‍ഡ് ചെയിന്‍ ഉപകരണങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നുണ്ട്.
Tags