കരിപ്പൂർ സ്വർണക്കടത്ത് ; ഫേസ്ബുക്ക് പോസ്റ്റുകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടിക്കാവില്ലെന്ന് പിണറായി വിജയൻ Gold smuggling

തിരുവനന്തപുരം : കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പ്രതികരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പാർട്ടിയ്ക്ക് സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ എന്ന നിലയിൽ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒരു ക്രിമിനൽ പ്രവർത്തകരേയും സർക്കാർ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

ഒരു തെറ്റിന്റെയും കൂടെ നിൽക്കുന്ന പാർട്ടിയല്ല സിപിഎം. പാർട്ടിക്കുവേണ്ടി ത്യാഗപൂർണമായ പ്രവർത്തനം നടത്തിയവർ പോലും പാർട്ടിക്ക് നിരക്കാത്ത പ്രവർത്തനം നടത്തിയാൽ തെറ്റിനനുസരിച്ച് നടപടിയെടുക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് ഒരാൾ തെറ്റ് ചെയ്താൽ അത് അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. ഫേയ്സ്ബുക്കിൽ പോസ്റ്റ് ഇടുന്നവരുടെ ഉത്തരവാദിത്തം പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവർക്കും രാഷ്ട്രീയ ആഭിമുഖ്യങ്ങൾ ഉണ്ടാകും. അത് അനുസരിച്ച് അഭിപ്രായ പ്രകടനങ്ങളും അവർ നടത്തുന്നുണ്ടാകും. ഏത് രാഷ്ട്രീയ നിലപാടാണെങ്കിലും ചെയ്ത കുറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടികൾ സർക്കാർ സ്വീകരിക്കും. ചില കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ടെന്നും ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയാണ് ചെയ്തിട്ടുള്ളത് എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഈ വിഷയത്തെ രാഷ്ട്രീയമായി വക്രീകരിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തും. രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ അതിന് മറുപടി പറയാൻ ഇപ്പോൾ പറ്റില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി ഡിവൈഎഫ്‌ഐയുടെ കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്നു. ഇയാളെ പുറത്താക്കിയിരുന്നുവെന്നാണ് പാർട്ടി അവകാശപ്പെടുന്നതെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ അർജുൻ സജീവമായിരുന്നു. അടുത്ത് വരെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഇയാൾ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അർജുൻ ഉപയോഗിച്ച കാറിന്റെ ഉടമ ഡിവൈഎഫ്‌ഐ ചെമ്പിലോട് മേഖല സെക്രട്ടറി സി. സജേഷിനെ കേസ് വിവാദമായതോടെ ഡിവൈഎഫ്‌ഐ പുറത്താക്കിയിരുന്നു. കരിപ്പൂരിലെ സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകനാണ് അർജുൻ എന്നാണ് കസ്റ്റംസ് പറയുന്നത്. ഇവർക്ക് സിപിഎമ്മുമായുളള ബന്ധം വിവാദമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
Tags