ഡല്‍ഹി: കോവിഡിനെതിരെ പൊരുതാന്‍ ഡല്‍ഹിയിലെ പാവപ്പെട്ട ചേരി നിവാസികള്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കി മുന്‍ ക്രിക്കറ്റ് താരവും ബിജെപി എം.പിയുമായ ഗൗതം ഗംഭീര്‍. ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തിലുള്ളവരാണ് സൗജന്യ വാക്‌സിനേഷന്‍ ഡ്രൈവിന്റെ ഭാഗമായത്.
ആദ്യ ഘട്ടത്തില്‍ കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍ വിഹാറിലാണ് വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചത്. ഗൗതം ഗംഭീറിന്റെയും ഡല്‍ഹി ബിജെപി യൂണിറ്റ് ജനറല്‍ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ ഉള്‍പ്പെടെയുള്ളവരുടെയും സാന്നിധ്യത്തിലാണ് വാക്‌സിനേഷന്‍ ആരംഭിച്ചത്.
വരും ദിവസങ്ങളില്‍ കിഴക്കന്‍ ഡല്‍ഹിയിലെ മറ്റ് ചേരി പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും സൗജന്യ വാക്‌സിന്‍ നല്‍കുമെന്ന് ഗംഭീര്‍ പറഞ്ഞു. എല്ലാ ഞായറാഴ്ചയും 500 പേര്‍ക്ക് വീതം വാക്‌സിന്‍ നല്‍കുമെന്ന് ഗംഭീറിന്റെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുകയെന്നത് പ്രധാനമന്ത്രിയുടെ സ്വപ്‌നമാണെന്നും അത് നടപ്പാക്കാന്‍ ഓരോ പൗരനും ശ്രമിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.
പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കാന്‍ പല ആളുകളും തയ്യാറാകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.