ന്യൂഡൽഹി: ഡ്രോണുപയോഗിച്ചുള്ള ആക്രമണത്തിനെതിരെ ശക്തമായ നടപടിയുമായി ഡിആർഡിഒ. ഡ്രോണുകളെ എളുപ്പം കണ്ടെത്താൻ സാധിക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ വികസിപ്പിച്ചത്. ഇതോടെ ശത്രുരാജ്യങ്ങളുടെ ഡ്രോണുകൾ കണ്ടെത്താനും ഇവ ആകാശത്ത് വച്ചുതന്നെ നശിപ്പിക്കാനും സൈന്യത്തിനു കഴിയും.
മൂന്ന് കിലോമീറ്റർ വരെ ദൂരപരിധിയിൽ ഡ്രോണുകളെ കണ്ടെത്താൻ കഴിയുന്നതാണ് ഡിആർഡിഒയുടെ പുതിയ ഡ്രോൺ വേധ സാങ്കേതികവിദ്യ. ലേസറിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്. രണ്ടരകിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം ലേസർ സിഗ്‌നൽ ഉപയോഗിച്ച് തകർക്കാനുമുള്ള പ്രഹരശേഷിയും ഈ സാങ്കേതികവിദ്യയ്ക്ക് ഉണ്ട്. നിലവിൽ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് ഡിആർഡിഒ സാങ്കേതിവിദ്യ കൈമാറിയിട്ടുണ്ട്.
ഡ്രോണുകൾ ഉപയോഗിച്ചുള്ള ഭീകരാക്രമണ സാദ്ധ്യത കൂടുതലാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 2020ൽ വിവിഐപികളുടെ സുരക്ഷയ്ക്കും മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനവേളയിലും ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിലും ഡ്രോൺ പ്രതിരോധ സംവിധാനം വിന്യസിച്ചിരുന്നു.
ഡ്രോൺ വേധ സംവിധാനം നിർമ്മിക്കുന്നതിന് സ്വകാര്യ കമ്പനികൾക്ക്് സാങ്കേതികവിദ്യ കൈമാറാനും ഡിആർഡിഒ ഒരുക്കമാണ് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജമ്മുവിൽ ഒന്നിലധികം ഡ്രോണുകൾ പറക്കുന്നത് കണ്ടെത്തിയത് ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. തുടർച്ചയായ നാല് ദിവസമാണ് ജമ്മുവിൽ ഡ്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. കൂടാതെ ജമ്മു വ്യോമസേന താവളത്തിൽ ഡ്രോണുപയോഗിച്ചുള്ള ഇരട്ട സ്‌ഫോടനവും ഉണ്ടായി. നിലവിൽ കേസ് എൻഐഐ അന്വേഷിക്കുകയാണ്