ആനി ശിവ ഇനി കൊച്ചി നഗരത്തിന്റെ തിരക്കുകളിലേക്ക്; ആലുവ സെന്‍ട്രല്‍ സ്‌റ്റേഷന്‍ എസ്‌ഐ ആയി ചാര്‍ജെടുത്തു Kerala Police

കൊച്ചി : ജീവിതത്തോട് പടവെട്ടി എസ്‌ഐ വേഷം തന്നെ നേടിയെടുത്ത ആനി ശിവ ഇനി ആലുവ സെന്‍ട്രല്‍ സ്റ്റേഷനില്‍. ഇന്ന് രാവിലെ തന്നെ സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ആനി ശിവ ചുമതലയേറ്റു. വര്‍ക്കല സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ദിവസമാണ് കൊച്ചി നഗരത്തിലേക്ക് അവര്‍ക്ക് ട്രാന്‍സ്ഫര്‍ ലഭിക്കുന്നത്. 

കൊച്ചിയില്‍ ചുമതല ഏറ്റെടുത്തതില്‍ സന്തോഷമെന്നും എല്ലാവരുടെയും സൂപ്പര്‍ ഹീറോ അവനവന്‍ തന്നെയാണ്. പരിശ്രമിച്ചാല്‍ ആര്‍ക്കും ഈ സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. പ്രതിസന്ധിഘട്ടങ്ങളെ ധൈര്യത്തോടെ തന്നെ നേരിടുമെന്നും ചുമതയേറ്റശേഷം ആനി ശിവ അറിയിച്ചു. ഇതിനുമുമ്പ് പ്രൊബേഷന്‍ കാലയളവിലും ആനി ശിവ കൊച്ചിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അതിനുശേഷം വര്‍ക്കലയിലായിരുന്നു ആദ്യ പോസ്റ്റിങ്. 

ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി പോലീസ് കുപ്പായമണിഞ്ഞ ആനി ശിവ അടുത്തിടെ പുറത്തുവന്ന എഫ്ബി പോസ്റ്റിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. തുടര്‍ന്ന് മോഹന്‍ലാല്‍ ഉള്‍പ്പടെ നിരവധി പ്രമുഖരാണ് ഇവരെ അഭിനന്ദിച്ച് എത്തിയത്. 

കോളേജ് പഠനകാലത്ത് പ്രണയിച്ച് വിവാഹം കഴിക്കുകയും തുടര്‍ന്ന് കുഞ്ഞ് ആയതോടെ ഇയാള്‍ ഉപേക്ഷിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടുകാരും കൈവിട്ടതോടെ പിന്നെ ആനി ശിവയ്ക്ക് ജിവിതത്തോട് തന്നെ പൊരുതല്‍ ആയിരുന്നു. ജീവിക്കാനായി അമ്പലപ്പറമ്പിലും മറ്റുമായി നാരങ്ങവെള്ളവും കറിപ്പൗഡറുകളും വിറ്റ് തള്ളി നീക്കി.

ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയശേഷം സുഹൃത്തിന്റെ പ്രോത്സാഹനത്തോടെ എസ്‌ഐ ടെസ്റ്റിനായി പരിശീലനത്തിന് ചേര്‍ന്നു. അതിനിടയില്‍ പല ജോലികള്‍ ചെയ്ത് തന്റേയും കുഞ്ഞിന്റേയും ആവശ്യങ്ങളും നിറവേറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് കച്ചവടക്കാരിയായി വേഷമിട്ടിറങ്ങിയ വര്‍ക്കലയിലെ പൊലീസ് സ്റ്റേഷനിലായിരുന്നു ആദ്യ പോസ്റ്റിങ് എന്നതും ഏറെ അഭിമാനിക്കാനായി.
Tags