രാജ്യത്ത് ഇന്ന് അരലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 50,040 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1258 കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.
രാജ്യത്തെ ആകെ കൊവിഡ് കേസുകൾ മൂന്ന് കോടി പിന്നിട്ടു. ആകെ മരണം 3.95 ലക്ഷത്തിലെത്തി. 2.82 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ലക്ഷത്തിൽ താഴെ രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.
അതേസമയം, രാജ്യത്ത് ഈ വർഷം അവസാനത്തോടെ വാക്‌സിനേഷൻ ദൗത്യം പൂർത്തിയാക്കാനുള്ള പദ്ധതി രേഖ കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ചു. 18 വയസ് മുതൽ മുകളിലോട്ടുള്ളവരുടെ വാക്‌സിനേഷന് 188 കോടി വാക്‌സിൻ ഡോസുകൾ വേണ്ടി വരും. 12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് ഭാവിയിൽ സൈഡസ് കാഡില വാക്‌സിൻ ലഭ്യമാക്കും. വാക്‌സിൻ നയം ഭേദഗതി ചെയ്തത് 13 മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും കത്ത് പരിഗണിച്ചാണെന്നും കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.