ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌ഫോടനത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പ്രധാനമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചു. വ്യോമസേന ഉപമേധാവി എച്ച് എസ് അറോറയുമായി പ്രതിരോധമന്ത്രി സംസാരിച്ചു. അതേസമയം സ്‌ഫോടനമുണ്ടായത് അതീവ സുരക്ഷാമേഖലയിലാണെന്ന് വ്യോമസേനാ വൃത്തങ്ങള്‍ വിലയിരുത്തി. ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്നും വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. സംഭവസ്ഥലം വ്യോമസേനയുടെ ഉന്നതതല അന്വേഷണ സംഘം ഉടന്‍ സന്ദര്‍ശിക്കും.
വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കല്‍ ഏരിയയിലാണ് ഡ്രോണുകള്‍ ഉപയോഗിച്ച് സ്ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് ഉദ്യോഗസ്ഥരുടെ നില ഗുരുതരമാണ്. ശ്രീനഗറിലും ജമ്മുവിലും സ്ഫോടനമുണ്ടാകുമെന്ന് സര്‍വകക്ഷിയോഗം നടക്കുന്ന സമയത്ത് ഇന്റലിജന്‍സ് വിവരമുണ്ടായിരുന്നു. ഇതിന് പിന്നാലെ അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. ഇത് ഭേദിച്ചാണ് സ്ഫോടനം നടന്നിരിക്കുന്നത്. ഐഇഡി ഡ്രോണുകളില്‍ എത്തിച്ചായിരുന്നു സ്ഫോടനം. അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചു.