ദില്ലി: വാക്സീന്‍ വിതരണത്തില്‍ സംതൃപ്തി അറിയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഈയാഴ്ചയിലുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാമന്ത്രി വരുംദിനങ്ങളിലും ഇത് നിലനിര്‍ത്തണമെന്ന് പറഞ്ഞു. ആറുദിവസത്തിനിടെ 3.77 കോടി ഡോസ് വാക്സീനാണ് നല്‍കിയത് . കൊവിഡ് പരിശോധനയില്‍ കുറവ് വരുത്തരുതെന്നും പ്രധാമന്ത്രി പറഞ്ഞു. കൊവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ തന്നത്.
കൊവിഡ് വകഭേദമായ ഡെൽറ്റയും, ഡെൽറ്റയ്ക്ക് വീണ്ടും വകഭേദം സംഭവിച്ച് ഉണ്ടായ ഡെൽറ്റ പ്ലസുമാണ് ഇപ്പോൾ രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നത്. രണ്ടാം തരംഗത്തിൽ തീവ്ര വ്യാപനമുണ്ടാവാനുള്ള പ്രധാന കാരണം ഡെൽറ്റ വകഭേദമായിരുന്നു. നിലവിൽ 174 ജില്ലകളിൽ ഡെൽറ്റ വകഭേദം ബാധിച്ച രോഗികൾ ഉണ്ട്. ഇതുവരെ ഡെൽറ്റ പ്ലസ് കണ്ടെത്തിയത് 50 പേരിലാണ്. അഞ്ഞൂറോളം ജില്ലകളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണെങ്കിലും രണ്ടാം തരംഗം അവസാനിച്ചെന്ന് പറയാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 75 ജില്ലകളിൽ പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും പത്ത് ശതമാനത്തിലധികമാണ്.
ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയ കേരളമുൾപ്പടെയുള്ള 11 സംസ്ഥാനങ്ങളോട് വകഭദം കണ്ടെത്തിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48698 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1183 പേർ കൊവിഡ് ബാധിച്ചു മരിച്ചു. പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 31 കോടിയിലധികം ഡോസ് വാക്സീൻ വിതരണം ചെയ്തു. കൊവിഷീൽഡും, കൊവാക്സീനും കൊവിഡിന്‍റെ ഡെൽറ്റ വകഭേദത്തെ പ്രതിരോധിക്കുമെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു. കൊവാക്സീന്‍റെ കുട്ടികളിലെ പരീക്ഷണം നടത്താനുള്ള അനുമതിക്കായി ഡസിജിഐ യെ സമീപിക്കുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കൊവാക്സീന്‍റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം.