തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി കമ്പികളിൽ ഉടക്കി ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റിനടിയിൽപെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്ത വ്യാപാരി പേരൂർക്കട മണ്ണാമൂല സൂര്യ റസി.അസോസിയേഷൻ 153 എ, രാജിൽ ആർ.രാജേഷ് (44) ആണ് അപകടത്തിൽ ദാരുണമായി മരിച്ചത്.
ഉച്ചയ്ക്കു 12.30ന് മണ്ണാമൂല കൺകോഡിയ യുപി സ്കൂളിനു മുന്നിലായിരുന്നു അപകടം നടന്നത്. കടകളിലെ കലക്‌ഷൻ കഴിഞ്ഞ് പേരൂർക്കടയിൽ നിന്നു മണ്ണാമൂലയിലേക്കു വരികയായിരുന്നു രാജേഷ്. തൊട്ടു മുൻപിൽ പോയ മിക്സിങ് യൂണിറ്റ് വാഹനത്തിന്റെ മുകൾ ഭാഗം വൈദ്യുതി ലൈനുകളിൽ ഉടക്കി വലിഞ്ഞ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണു. അപകടത്തിൽ രാജേഷ് റോഡിലേക്കു തെറിച്ചു വീഴുകയുണ്ടായി. പിന്നാലെ വന്ന മറ്റു വാഹനങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ രാജേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കെഎസ്ഇബി അധികൃതർ എത്തി ഒടിഞ്ഞു വീണ പോസ്റ്റ് മാറ്റി. മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ഇന്നു വിട്ടു നൽകും. പേരൂർക്കട പൊലീസ് കേസെടുത്തു. ഭാര്യ: ലക്ഷ്മി, മകൾ: ദേവിക.