ആഗ്ര : വിവാഹത്തിനായി യുവതിയെ മതംമാറ്റിയ ശേഷം ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 31-കാരനായ അനുജ് കുമാർ എന്നയാളാണ് അറസ്റ്റിലായത്. ആഗ്രയിലാണ് സംഭവം നടന്നത്. മുസ്ലീം യുവതിയെ ആണ് അനുജ് കുമാർ വിവാഹത്തിനായി മതം മാറ്റിയത്. തുടർന്ന് ഉപേക്ഷിക്കുന്നതിന് മുമ്പ് നിർബന്ധിച്ച് രണ്ടുതവണ ഗർഭച്ഛിദ്രത്തിന് വിധേയാക്കിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
30 വയസുകാരിയായ സൈമയെ അഞ്ച് വർഷം മുമ്പ് ആഗ്രയിലെ ഒരു കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചാണ് അനുജ് പരിചയപ്പെടുന്നത്. അവിടെ ഫിസിക്സ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു അനുജ്. കോച്ചിംഗ് സെന്ററിൽ കൗൺസിലറായി ജോലി ചെയ്തുവരികയായിരുന്നു യുവതി. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന അനുജിന്‍റെ വാഗ്ദാനം യുവതി സ്വീകരിക്കുകയുമായിരുന്നു. ഇതോടെ യുവതി ഹിന്ദുമതത്തിലേക്ക് മാറുകയും ഇരുവരും വിവാഹിതരാവുകയും ചെയ്തു.
2017-ൽ യുവതി ഗർഭിണിയായി. എന്നാൽ ഈ ഗർഭം അലസിപ്പിക്കാൻ അനുജ് നിർബന്ധിച്ചതോടെ യുവതി അതിന് തയ്യാറാകുകയായിരുന്നു. ആദ്യത്തെ ഗർഭച്ഛിദ്രത്തിന് ശേഷം, 2018 ൽ താൻ വീണ്ടും ഗർഭിണിയാണെന്ന് യുവതി പറഞ്ഞു. ഇതും അലസിപ്പിക്കാൻ അനുജ് പറഞ്ഞെങ്കിലും യുവതി അത് അംഗീകരിച്ചില്ല. ഇതോടെ ഒരു ഡോക്ടറുടെ സഹായത്തോടെയാണ് അനുജ് ഗർഭം അലസിപ്പിച്ചതെന്നും യുവതി പറഞ്ഞു. പിന്നീട് തന്നെ ഉപേക്ഷിച്ച ശേഷം അനുജ് ഉത്തർപ്രദേശിലെ മണിപ്പൂരിയിലേക്ക് പോയെന്നും യുവതി പറഞ്ഞു.