ന്യൂഡല്‍ഹി : രാജ്യത്ത് സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസം സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രം നല്‍കിയ വാക്‌സിന്‍ ഡോസുകളില്‍ 17 ശതമാനം മാത്രമാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമാകുന്നതിനിടയിലാണ് വാക്‌സിന്‍ കെട്ടിക്കിടക്കുന്ന റിപ്പോർട്ട് പുറത്ത് വരുന്നത്.
സ്വകാര്യ ആശുപത്രികളില്‍ ഉയര്‍ന്ന വില ഈടാക്കുന്നതാണ് വാക്‌സിന്‍ കെട്ടിക്കിടക്കാന്‍ കാരണമാകുന്നത്. സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡിന്റെ വില ഒരു ഡോസിന് 780 രൂപയും റഷ്യന്‍ വാക്‌സിന്‍ സ്പുട്‌നിക് വി ഒരു ഡോസിന് 1,145 രൂപയും, തദ്ദേശീയമായി നിര്‍മിച്ച കൊവാക്‌സിന്‍ ഒരു ഡോസിന് 1,410 രൂപയുമാണ് വില നിശചയിച്ചത്. നികുതിയും ആശുപത്രികള്‍ക്കുള്ള 150 രൂപ സര്‍വീസ് ചാര്‍ജും ഇതില്‍ ഉള്‍പ്പെടും.
രാജ്യത്താകമാനം 7.4 കോടി ഡോസുകള്‍ മെയ് മാസത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതില്‍ 1.85 കോടി ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കായാണ് നീക്കിവെച്ചത്. ഇതില്‍ 1.29 കോടി വാക്‌സിന്‍ ഡോസുകള്‍ സ്വകാര്യ ആശുപത്രികള്‍ ഇതിനകം വാങ്ങിയിട്ടുണ്ട്. പക്ഷേ ഇതില്‍ 22 ലക്ഷം ഡോസുകള്‍ മാത്രമാണ് ഇതുവരെ ഉപയോഗിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു