ഒളിമ്പിക്‌സ് സ്വർണ്ണ പ്രതീക്ഷയിൽ വിനേഷ് ഫോഗട്ട്; പോളണ്ട് ഓപ്പൺ ഗുസ്തിയിൽ സ്വർണ്ണം

വാർസോ: ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് സ്വർണ്ണം. വാർസോയിൽ നടന്ന പോളണ്ട് ഓപ്പൺ ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് വിനേഷ് സ്വർണ്ണം നേടിയത് 53 കിലോ വിഭാഗത്തിൽ ഉക്രയിനിന്റെ ക്രിസ്റ്റീനാ ബറേസയെയാണ് തോൽപ്പിച്ചത്. ഒരു പോയിന്റ് പോലും വിട്ടുകൊടുക്കാതെ 8-0നാണ് വിനേഷ് എതിരാളിയെ മലർത്തിയടിച്ചത്.

ഇന്ത്യക്ക് ഒളിമ്പിക്‌സിൽ ഉറച്ച മെഡൽ പ്രതീക്ഷയായ വിനേഷ് ഈ സീസണിൽ ഇതോടെ മൂന്ന് ചാമ്പ്യൻഷിപ്പുകളിൽ സ്വർണ്ണം നേടിക്കഴിഞ്ഞു. ഒളിമ്പിക്‌സിന് തൊട്ടുമുമ്പായ പോരാട്ടത്തിലെ സ്വർണ്ണവേട്ട വിനേഷിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കുകയാണ്.

പരമ്പരാഗത ഗുസ്തിതാരങ്ങളുടെ കുടുംബത്തിൽ നിന്നാണ് വിനേഷ് വരുന്നത്. സഹോദരിമാരായ ഗീതാ ഫോഗട്ടും ബബിതാ കുമാരിയും മുൻ അന്താരാഷ്ട്ര താരങ്ങളും കോമൺവെൽത്ത് മെഡൽ ജേതാക്കളുമാണ്. ലോക ഗുസ്തിയിൽ വെങ്കലം നേടിയ ഫോഗട്ട് ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ റസലിംഗ് ചാമ്പ്യൻഷിപ്പിലും സ്വർണ്ണം നേടിയിട്ടുണ്ട്.
Tags