ഭോപ്പാൽ : കേന്ദ്ര സർക്കാർ റദ്ദാക്കിയ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ്. സമൂഹ മാദ്ധ്യമമായ ക്ലബ് ഹൗസിലെ ചർച്ചയ്ക്കിടെയാണ് കോൺഗ്രസ് നേതാവ് വിവാദ പരാമർശം നടത്തിയത്. ചർച്ചയിൽ പാക് മാദ്ധ്യമ പ്രവർത്തകനും പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
അമിതാധികാരം എടുത്തു കളഞ്ഞത് വളരെ വേദനൽകുന്ന ഒന്നാണ്. കോൺഗ്രസ് അധികാരത്തിലേറിയാൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കും എന്നായിരുന്നു ദിഗ് വിജയ്‌സിംഗ് പറഞ്ഞത്. ബിജെപി നേതാവ് അമിത് മാളവ്യ ഇതുമായി ബന്ധപ്പെട്ട ശബ്ദ സന്ദേശം പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പാകിസ്താനിലെ മാദ്ധ്യമ പ്രവർത്തകനെ അനധികൃതമായി ചർച്ചയിൽ പങ്കെടുപ്പിച്ചെന്നും, കോൺഗ്രസ് നേതാവ് പറഞ്ഞതു തന്നെയാണ് പാകിസ്താന് വേണ്ടതെന്നും അമിത് മാളവ്യ പറഞ്ഞു.
സംഭവം പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ദിഗ്‌വിജയ് സിംഗിനെതിരെ ഉയരുന്നത്. പരാമർശത്തിൽ കോൺഗ്രസിനെ രൂക്ഷമായ വിമർശിച്ച് ബിജെപി ദേശീയ വക്താവ് സാംബിത് പത്രയും രംഗത്ത് വന്നു. ഇത് കോൺഗ്രസിന്റെ മറ്റൊരു ടൂൾ കിറ്റ് ആയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.