അടിച്ച് ആശുപത്രിയിലാക്കിയത് പോരാഞ്ഞ് യുവാവിനെ തീ കൊളുത്തി കൊല്ലാനും ശ്രമം ; പ്രതി അറസ്റ്റിൽ

ഭോപ്പാൽ : ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിലായ യുവാവിനെ പിന്തുടർന്നെത്തി കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സാഗറിലാണ് സംഭവം. മിലൻ രാജക് എന്നയാളാണ് ചികിത്സയിലായിരുന്ന ദാമോദർ കോരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ ദാമോദർ കോരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മിലൻ രാജക്കിനെ പോലീസ് അറസ്റ്റ് ചെയ്തു.

മിലൻ ആക്രമിച്ചതിനെ തുടർന്നാണ് പരിക്കേറ്റ ദാമോദർ ചികിത്സ തേടി ആശുപത്രിയിൽ എത്തിയത്. എന്നാൽ ദാമോദറിനെ പിന്തുടർന്നെത്തിയ മിലൻ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇയാൾ ആശുപത്രിയിലെത്തി ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിച്ച മിലൻ ചുറ്റും നോക്കുന്നതും ദാമോദറിന്റെ ദേഹത്ത് തീകൊളുത്തുന്നതും വീഡിയോയിൽ കാണാം.

ശരീരമാസകലം പൊള്ളലേറ്റ ദാമോദർ തീയുമായി ഓടുന്നത് വിഡിയോയിൽ വ്യക്തമാണ്. ഈ സമയം ആർക്കും പിടികൊടുക്കാതെ മിലൻ പുറത്തേക്കുള്ള വഴിയിലൂടെ കടന്നുകളയുകയായിരുന്നു. പെട്രോൾ ഉപയോഗിച്ചാണ് പ്രതി തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. ദാമോദറിൻറെ ആരോഗ്യനില ഗുരുതരമല്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags