തിരുവനന്തപുരം : ഐഎസിൽ ചേര്‍ന്ന മകൾ നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു. ഇന്ത്യയിൽ നിന്നും മതംമാറി ഐ.എസ് ഭീകരതയ്ക്കായി പോയ വനിതകളെ നാട്ടിലേക്ക് തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു . ഇതിനു പിന്നാലെയാണ് ഭീകരപ്രവർത്തനത്തിനായി പോയ മകളെ തിരികെ കൊണ്ടു വരണമെന്ന് ബിന്ദു ആവശ്യപ്പെടുന്നത്
നിമിഷയെ ഇന്ത്യയിലെത്തിച്ച് നിയമ നടപടികൾക്ക് വിധേയമാക്കണം . താൻ ഇന്ത്യയ്ക്കെതിരെ ഒന്നും ചെയ്തിട്ടില്ല . മകള്‍ ഇന്ത്യ വിടുന്നതിനു മുൻപ് പോലും അന്നത്തെ കേരള സര്‍ക്കാരിനെയും പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതാണ് . അവര്‍ തടഞ്ഞില്ല . ഐഎസിലേയ്ക്ക് പോകാൻ പ്രേരിപ്പിച്ചവര്‍ ഇപ്പോഴും ഇവിടെയുണ്ടെന്നും ബിന്ദു പറഞ്ഞു.
അതേ സമയം ജയിലിൽ കഴിയുന്ന മലയാളി സ്ത്രീകള്‍ ഇപ്പോഴും അപകടകാരികളാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി അറിയില്ലെന്നും ബിന്ദു പറഞ്ഞു. ഐഎസിൽ ചേർന്ന നിമിഷ ഫാത്തിമ ഇസ എന്ന് പേരുമാറ്റിയിരുന്നു. നിമിഷ ഫാത്തിമ , അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന് പേരുമാറ്റിയ മെറിൻ ജേക്കബ് എന്നിവർക്ക് നാട്ടിൽ വരണമെന്ന ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.
ജയിലിൽ കിടക്കുന്നവരെ ഇന്ത്യൻ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എല്ലാവരും കടുത്ത മതമൗലികവാദികളാണെന്നാണ് ബോദ്ധ്യപ്പെട്ടത്. ഇന്ത്യയെ വഞ്ചിച്ചുകൊണ്ട് ആഗോള ഭീകരതയ്ക്കായി പോയവരെ തിരികെ സ്വീകരിക്കാനാവില്ലെന്ന കർശന നിലപാടാണ് ഇന്ത്യ അറിയിച്ചിട്ടുള്ളത്