ഗാന്ധിവധത്തിൽ ആർഎസ്എസിന് പങ്കെന്ന് നികേഷ് ; നിയമ നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞപ്പോൾ വാർത്ത തിരുത്തി റിപ്പോർട്ടർ ചാനൽ

കൊച്ചി: ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം നടത്തി റിപ്പോർട്ടർ ചാനൽ മേധാവിയും സിപിഎം സഹയാത്രികനുമായ എംവി നികേഷ് കുമാർ. ഇത് സംബന്ധിച്ച് ചർച്ചയിൽ പറഞ്ഞ വീഡിയോ റിപ്പോർട്ടർ ചാനലിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമ നടപടി സ്വീകരിക്കുമെന്ന് അറിഞ്ഞതോടെ വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്ത് തലയൂരുകയാണ് ചാനൽ.

കഴിഞ്ഞദിവസം ലക്ഷദ്വീപ് വിഷയത്തില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടയാണ് നികേഷ് വിവാദ പരാമര്‍ശം നടത്തിയത്. ഇത് ചാനലിന്റെ ഓണ്‍ലൈന്‍ സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു. ‘ഗാന്ധിയെ കൊന്നത് ആര്‍എസ്എസ്, ഇത് ഏത് കോടതിയിലും പറയും, കേസ് കൊടുക്കുന്നോ, ബിജെപി നേതാവിനെ വെല്ലുവിളിച്ച് നികേഷ് കുമാർ ‘ എന്ന തലക്കെട്ടോടെയായിരുന്നു വാർത്തയും വീഡിയോയും ചാനൽ പങ്കുവച്ചത്. എന്നാൽ സംഘപരിവാർ നിയമനടപടിക്കൊരുങ്ങുന്നുവെന്ന സൂചന ലഭിച്ചതോടെ വാർത്തയുടെ തലക്കെട്ട് അടക്കം മാറ്റുകയായിരുന്നു. ‘ഗാന്ധിയെ കൊന്നത് ആർ എസ് എസ്സോ ? സദാനന്ദൻ മാസ്റ്ററുമായി ഏറ്റുമുട്ടൽ’ എന്നാണ് തലക്കെട്ട് മാറ്റിയത്.

താൻ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് ബിജെപി പ്രതിനിധിയായി ചര്‍ച്ചയില്‍ പങ്കെടുത്ത സദാനന്ദന്‍ മാസ്റ്റര്‍ അപ്പോൾ തന്നെ അറിയിച്ചിരുന്നു. വിഷയത്തില്‍ നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം നികേഷ്‌കുമാറിനെതിരെ നിയമനടപടി കൈക്കൊള്ളുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ സദാനന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.