കൊറോണ ബാധ തലച്ചോറിനെ ബാധിക്കും; കൂടുതൽ പഠനവുമായി ഹൈദരാബാദിലെ ഡോക്ടർമാർ

ഹൈദരാബാദ്: കൊറോണ ബാധ രൂക്ഷമായാൽ രോഗികളുടെ തലച്ചോറിനെ ബാധിക്കുമെന്ന കണ്ടെത്തലുമായി ഹൈദരാബാദിലെ ആരോഗ്യവിദഗ്ധർ. തലച്ചോറിലെ ബുദ്ധികേന്ദ്രങ്ങളെ നിയന്ത്രിക്കുന്ന തവിട്ടുനിറമുള്ള കോശങ്ങളെ ഓക്‌സിജൻ ഉപയോഗം ബാധിക്കുമെന്നാണ് കണ്ടെത്തൽ.

തെലങ്കാനയിലെ ന്യൂറോ വിഭാഗം ആരോഗ്യവിദഗ്ധരാണ് രോഗികളിലെ പരിശോധനയിലൂടെ നിഗമനത്തിലെത്തിയത്. രോഗംമൂർഛിക്കുന്നവരിലാണ് പ്രശ്‌നം കാണുന്നത്. വെന്റിലേറ്റർ ഘടിപ്പിക്കപ്പെടുന്ന രോഗികളിൽ നാഡീ സംബന്ധമായ അസുഖങ്ങളായാണ് പ്രശ്‌നങ്ങൾ ആദ്യം പ്രത്യക്ഷപ്പെടുക. തുടർന്ന് രോഗിയുടെ ഉത്കണ്ഠയും ദേഷ്യവും വർദ്ധിക്കുമെന്നും പഠനത്തിൽ പറയുന്നു.

വെന്റിലേറ്ററിൽ ആകുന്ന രോഗികൾക്ക് ഓക്‌സിജൻ പുറമേ നിന്ന് നൽകുന്ന സമയത്താണ് ഗ്രേ മാറ്റർ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗത്തിൽ മാറ്റംവരുന്നത്. കടുത്ത പനിബാധിക്കുന്ന രോഗികളിലും പ്രശ്‌നം സങ്കീർണ്ണമാകുന്നുവെന്നും പഠനം തെളിയിക്കുന്നു. ഓക്‌സിജൻ പുറമേനിന്നും ആവശ്യമില്ലാത്ത രോഗികളിൽ പ്രശ്‌നം കാണുന്നില്ല. സ്വാഭാവിക ശ്വാസോച്ഛ്വാസം പ്രശ്‌നങ്ങളെ നിയന്ത്രിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു