കേരളത്തിലെ വനംകൊള്ളയ്ക്ക് കൂട്ടുനിന്നത് രണ്ടു മാധ്യമ സ്ഥാപനങ്ങള്‍; കേസ് അട്ടിമറിക്കാന്‍ റിപ്പോര്‍ട്ടര്‍ ടിവി ഗൂഢാലോചന നടത്തി; വനംവകുപ്പ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരളത്തിലെ കാട് വെട്ടിവെളിപ്പിച്ച കേസ് അട്ടിമറിക്കാന്‍ രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്‍പ്പെടെ വന്‍ ഗൂഢാലോചന നടന്നതായി വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. വയനാട് മുട്ടില്‍ വനംകൊള്ള അട്ടിമറിക്കാന്‍ മുന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായ എംവി നികേഷ് കുമാര്‍ നേതൃത്വം നല്‍കുന്ന റിപ്പോര്‍ട്ടര്‍ ടിവി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങള്‍ ശ്രമിച്ചതായാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.  വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ ഭൂമിയില്‍ നിന്നും റോജി അഗസ്റ്റിന്‍, ആന്റോ എന്നിവര്‍ 15 കോടിയിലധികം രൂപ വിലവരുന്ന വീട്ടിമരം കടത്തിയ കേസ് അട്ടിമറിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ശ്രമിച്ചുവെന്നും അദേഹം പറയുന്നു. 

വനംവകുപ്പ് ഉത്തരവില്‍ മാറ്റംവരുത്തി മരം മുറിക്കാന്‍ ഒത്താശ ചെയ്തത് പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ അറിഞ്ഞാണെന്ന് വ്യക്തമാകുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സംസ്ഥാന ഭരണകൂടം, ഭരണകക്ഷി രാഷ്ട്രീയ നേതൃത്വം, ഉപജാപകരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയ കൂട്ടുകെട്ട് പ്രത്യേക ലക്ഷ്യമിട്ട് വനംകൊള്ളക്കാര്‍ക്ക് ഇടക്കാല അവസരം ഒരുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.തെളിവുകളും റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടിയിട്ടും പ്രതികളെ പിടിക്കാത്ത് ഈ കൂട്ടിടപാടിനെ തുടര്‍ന്നാണെന്നാണ് പൊതുവെ ആക്ഷേപം.

ജില്ലാ കളക്ടറുടെ അറിവോടെയാണ് മരം കൊള്ള നടന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. കളക്ടര്‍ക്ക് മാത്രമല്ല ഡിഎഫ്ഒ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രമുഖര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നതായാണ് സൂചന. മരംമുറിക്ക് കൂട്ടു നില്‍ക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മേല്‍ ഉന്നതരില്‍ നിന്ന് സമ്മര്‍ദമുണ്ടായതായും ആരോപണമുണ്ട്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ പട്ടാപ്പകലായിരുന്നു മരം കൊള്ള. തെരഞ്ഞെടുപ്പ് അടുക്കുന്ന കാലത്ത് ഇത്തരത്തില്‍ വനംകൊള്ളക്കാര്‍ക്ക് അവസരമൊരുക്കുന്ന സര്‍ക്കാര്‍ ഉത്തരവ് വന്നതിനു പിന്നില്‍ മറ്റ് ഗൂഢ ആസൂത്രണവും ലക്ഷ്യവും ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വിപുലമായ അന്വേഷണത്തിലൂടെയേ വ്യക്തത വരൂ.

2020 ഒക്ടോബര്‍ 24 ന് റവന്യൂവകുപ്പ് ഇറക്കിയ വിവാദ ഉത്തരവിന്റെ മറവിലാണ് പ്രതികള്‍ വനംകൊള്ള നടത്തിയത്. മരം കടത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പെരുമ്പാവൂരിലെ തടിമില്ലില്‍ നിന്ന് മരങ്ങള്‍ കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഫെബ്രുവരി 13 ന് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് ഇവാലുവേഷന്‍ വിങ്ങിന്റെ ചുമതല കണ്ണൂര്‍ ധര്‍മ്മടം സ്വദേശിയായ എന്‍ ടി സാജനെന്ന ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തു. വെറും നാല് ദിവസത്തേക്ക് മാത്രമായിരുന്നു സാജന്റെ നിയമനം.

അന്വേഷണം ഏറ്റെടുത്ത സാജന്‍ കേസിന്റെ വകുപ്പുകള്‍ മാറ്റി എഴുതാന്‍ മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ സമീറിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ഇതിന് സമീര്‍ വിസമ്മതിച്ചതോടെ സമീറിനെതിരെ കേസ് കെട്ടിച്ചമയ്ക്കാന്‍ സാജന്‍ ശ്രമിച്ചെന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് സാജന്റെ അടുത്ത സുഹൃത്തും ധര്‍മ്മടംകാരനായ  മാധ്യമ പ്രവര്‍ത്തകനും റിപ്പോര്‍ട്ടര്‍ ചാനലും ഗൂഢാലോചനയുടെ ഭാഗമായി നിരപരാധിയായ സമീറിനെതിരെ തുടര്‍ച്ചയായ വാര്‍ത്തകള്‍ നല്‍കി. തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി കെ വിനോദ് കുമാര്‍ അന്വേഷണം നടത്തിയത്.

ജില്ല, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നുള്ളതാണ് ഇതുവരെ നടപടികളെടുക്കാത്തതില്‍ നിന്ന് വ്യക്തമാകുന്നത്. മരം മുറിക്കേസില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, സര്‍ക്കാരിലേയും ഉദ്യോഗസ്ഥവൃന്ദത്തിലേയും പ്രമുഖരടക്കം കണ്ണടച്ച ഈ കേസിന് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ ആശങ്കകള്‍ ഏറെയാണ്.

മുട്ടില്‍ മരംമുറിക്കേസ്സുകളില്‍ 42 എണ്ണത്തില്‍ മിക്ക കേസുകളിലും റോജി അഗസ്റ്റിനും സഹോദരന്‍ ആന്റോയും പ്രതികളാണ്. 250 ക്യുബിക്ക് മീറ്റര്‍ മരം മേപ്പാടി റെയിഞ്ചാപ്പീസര്‍ പിടികൂടിയിട്ടുണ്ട്. കൂടാതെ, വനത്തില്‍ നിന്ന് മുറിച്ച വീട്ടിമരവും പെരുമ്പാവൂരില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൂന്നു മാസമായിട്ടും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. പുതിയ ചട്ടത്തില്‍ പട്ടയമുടമസ്ഥരുടെ ഭൂമിയില്‍ നിലനില്‍ക്കുന്ന ചന്ദനമൊഴികെയുള്ള മരങ്ങള്‍, ഉടമസ്ഥര്‍ക്ക് തന്നെ വെട്ടാനുള്ള അനുമതിയാണ് നല്‍കിയിരുന്നത്. ഈ ഉത്തരവ് ആരുടെ തീരുമാനപ്രകാരമാണെന്ന് കളക്ടറും വനം വകുപ്പ് ഉദ്യോഗഗസ്ഥരും വെളിപ്പെടുത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, മരംമുറി കേസില്‍ വനം വകുപ്പ് നടപടികള്‍ പൂര്‍ത്തിയാകാനിരിക്കെ പുതിയ അന്വേഷണ സംഘം വേണമെന്ന ആവശ്യവും അതിനിടെ ശക്തമാവുകയാണ്. ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ മറ്റൊരു ഏജന്‍സി വരണമെന്നാണ് ആവശ്യം. സര്‍ക്കാരിലേക്ക് റിസര്‍വ് ചെയ്ത മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കരുതെന്ന 2005 ലെ വൃക്ഷം വളര്‍ത്തല്‍ പ്രോത്സാഹന നിയമത്തിലെ സെക്ഷന്‍ ആറ് മറികടന്ന് പുതിയ ഉത്തരവ് വന്നതെങ്ങനെയെന്നും ചോദ്യമുയരുന്നുണ്ട്.