ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ മോക്ഡ്രിൽ ദുരന്തമായെന്ന് റിപ്പോർട്ട്. ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് മോക്ഡ്രില്ലിനിടെ പ്രധാന ഓക്‌സിജൻ പൈപ്പിന്റെ വാൽവ് തകരാറിലായത്. കൊറോണ ഐ.സി.യുവിൽ അഞ്ചുമിനിറ്റുനേരം ഓക്‌സിജൻ ഇല്ലാതായതോടെ രോഗികളുടെ ശരീരം നീലനിറമാവുകയും പിന്നീട് രക്ഷിക്കാനാവാത്തവിധം രോഗികളുടെ അവസ്ഥ ഗുരുതരമാവുകയുമായിരുന്നു. ബന്ധുക്കളോട് സ്വയം ഓക്സിജനെത്തിക്കാൻ പറഞ്ഞ് ആശുപത്രി അധികൃതർ കയ്യൊഴിഞ്ഞെന്നുള്ള ഗുരുതര ആരോപണവും ഉന്നയിക്കപ്പെടുന്നുണ്ട്.
22 പേർക്കാണ് ആശുപത്രിയുടെ അനാസ്ഥയിൽ ജീവൻ നഷ്ടപ്പെട്ടത്. കൊറോണ ബാധിതരായി പ്രവേശിപ്പിക്കപ്പെട്ട പുതിയരോഗികൾക്കും ബന്ധുക്കൾക്കും ഗുരുതരാവസ്ഥയിലെ രോഗികൾക്ക് എന്ത് സംഭവിക്കും എന്ന് മനസ്സിലാക്കാനാണ് ആശുപത്രി മോക്ഡ്രിൽ നടത്തിയത്. അത്ര ഗുരുതരാവസ്ഥയിലല്ലാത്ത രോഗികൾ കിടക്കുന്ന ഭാഗത്തെ വാൽവ് അഞ്ച് മിനിറ്റുനേരത്തേക്ക് പൂട്ടിയാൽ എന്തുസംഭവിക്കും എന്നത് ബന്ധുക്കളെ അടക്കം അടുത്തു നിർത്തി വിശദീകരിക്കുന്നതിനിടെയാണ് ഐ.സി.യു യൂണിറ്റിൽ തകരാറുണ്ടായത്.
ആകെ 72 രോഗികളിൽ 22 പേർ വെന്റിലേറ്ററിന്റെ സഹായത്താലാണ് കിടന്നിരുന്നത്. വാൽവിലെ തകരാർ വെന്റിലേറ്ററിലേക്കുള്ള ഓക്‌സിജന്റെ ലഭ്യതയെ ബാധിച്ചത് രോഗികളുടെ നില വഷളാക്കി. മോക്ഡ്രില്ലിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ആശുപത്രി അധിതർ മൂടിവെച്ച സംഭവം പുറത്തുവന്നത്. ആഗ്ര ജില്ലാ ഭരണകൂടവും ഉത്തർപ്രദേശ് ആരോഗ്യവകുപ്പും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.