തിരുവനന്തപുരം: പശുവിന്റെ ചാണകവും ഗോമൂത്രവും ഉപയോഗിച്ച് ഉല്‍പാദിപ്പിച്ച ഓര്‍മ്മ ശക്തിയും ഏകാഗ്രതയും, വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള മരുന്നുകള്‍ വിപണിയിലെത്തിച്ച് പിണറായി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ആയുര്‍വേദ ഔഷധ നിര്‍മാണ വിതരണ സ്ഥാപനമായ ഔഷധിയാണ് പുതിയ മരുന്ന് വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘പഞ്ചഗവ്യ ഘൃതം’ എന്ന പേരില്‍ പുറത്തിറക്കിയ ഔഷധത്തില്‍ ഗോമൂത്രം, ചാണകം, പാല്‍, തൈര്, നെയ്യ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്
മഞ്ഞപ്പിത്തത്തിനും പനിക്കും അപസ്മാരത്തിനും ഈ മരുന്ന് ഉപയോഗിക്കാമെന്നാണ് ഔഷധിയുടെ വെബ്‌സൈറ്റില്‍ പറയുന്നത്. മാനസിക പിരിമുറുക്കങ്ങളും ഈ ഔഷധം കഴിച്ചാല്‍ ഇല്ലാതാകുമെന്നാണ് സര്‍ക്കാര്‍ സ്ഥാപനം സാക്ഷ്യപ്പെടുത്തുന്നത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആഹാരത്തിന് മുൻപ് മരുന്ന് കഴിക്കുന്നതാണ് ഉത്തമമെന്നും ഔഷധിയുടെ വെബ്സൈറ്റിൽ പറയുന്നുണ്ട്. 200, 450 എംഎൽ പാക്കറ്റുകളായാണ് ‘പഞ്ചഗവ്യ ഘൃതം’ വിപണിയിലിറക്കിയിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. പൊതുമേഖല രംഗത്തെ ആയുര്‍വേദ മരുന്നുകളുടെ ഏറ്റവും വലിയ ഉല്‍പാദകരും ഔഷധിയാണ്. ഔഷധിക്ക് കേരളത്തില്‍ 800 അധികം ഡീലര്‍മാരാണ് ഉള്ളത്. തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലുള്ള ആത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ആധുനിക രീതിയിലുള്ള ഫാക്ടറിയില്‍ നിന്നാണ് പുതിയ മരുന്നും ഔഷധി ഉല്‍പാദിപ്പിച്ചിരിക്കുന്നത്.