സുശാന്ത് സിങ്ങിന്റെ മരണം: വർഷം ഒന്നായിട്ടും, മറ നീങ്ങാതെ ദുരൂഹത

മുംബൈ: സുശാന്ത് സിങ് ഓർമ്മയായിട്ട് ഇന്നേക്ക് ഒരു വർഷം. എന്നാൽ ഇപ്പോഴും താരം ആത്മഹത്യ ചെയ്തതാണോ, അതോ മരണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോ എന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ഞെട്ടലോടെയാണ് ബോളിവുഡ് ലോകം അദ്ദേഹത്തിന്റെ മരണവാർത്ത അറിഞ്ഞത്. നടൻ, നർത്തകൻ, സംരംഭകൻ എന്നിങ്ങനെ ബഹുമുഖ പ്രതിഭയായിരുന്ന സുശാന്ത്, മരിക്കുമ്പോൾ പ്രായം 34 മാത്രം. മുംബൈയിലുള്ള തന്റെ ഫ്ലാറ്റിലാണ് ജൂൺ 14-ന് തൂങ്ങിമരിച്ച നിലയിൽ യുവ നടന്റെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.

നടൻ സുശാന്ത് സിംഗ് രജ്പുത്തിനെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി ഒരു വർഷത്തിന് ശേഷവും, മരണത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തു വന്നിട്ടില്ല. സിബിഐ കേസന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സിങ്ങിന്റെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യ വാരമാണ് ആരംഭിച്ചത്. ആദ്യം മുംബൈ പോലീസ് ആണ് കേസന്വേഷിച്ചതെങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. തുടർന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഇവർക്കുപുറമെ ഇഡിയും,എൻസിബിയും കേസ് അന്വേഷണം നടത്തുന്നുണ്ട്. എയിംസ് ഫോറൻസിക് സയൻസ് ആൻഡ് ടോക്സിക്കോളജി വിഭാഗം മേധാവി ഡോ. സുധീർ ഗുപ്ത നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം മരിക്കാനായി തൂങ്ങിയത് മൂലമുണ്ടായ ശ്വാസംമുട്ടലിലാണ് തരാം മരിച്ചത് എന്നാണ്.സുശാന്തിന്റെ ശരീരത്തിൽ മറ്റ് തല്ലിന്റെയോ അടിയുടെയോ ഒരടയാളങ്ങളും ഇല്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം സുശാന്തിന്റെ മരണശേഷം ബോളിവുഡ് ലോകത്തെ വാൻ മയക്കുമരുന്ന് മാഫിയയാണ് മറനീക്കി പുറത്തുവന്നത്. നിരവധി താരങ്ങളുൾപ്പെടെ എൻസിബി ചോദ്യം ചെയ്തിരുന്നു.

പട്‍ന സ്വദേശികളായ കൃഷ്‍ണകുമാർ സിംഗ് – ഉഷാ സിംഗ് ദമ്പതിമാരുടെ ഇളയ മകനായാണ് 1986-ൽ സുശാന്ത് ജനിച്ചത്. മൂന്ന് ചേച്ചിമാരുടെ ഒരേയൊരു അനുജൻ. പഠിത്തത്തിൽ മാത്രമല്ല സ്‍പോര്‍ട്‍സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. ജൂൺ 2009 ൽ ‘പവിത്ര രിഷ്‍താ’ എന്ന പരമ്പരയിലൂടെ സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. അതിലെ കഥാപാത്രമാണ് താരത്തെ ബിഗ് സ്‍ക്രീനിലേക്ക് എത്തിച്ചത്. ഇതിനിടയിൽ ‘ഝലക് ദിഖ്‌ലാ ജാ’ എന്നൊരു ഡാൻസ് മത്സരത്തിലും സുശാന്ത് പങ്കെടുത്തു. ‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്‍കാരവും ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിത കഥ പറഞ്ഞ, എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമയിലെ ധോണിയായി വേഷമിട്ട സുശാന്തിന്റെ അഭിനയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വെറും ഏഴുവർഷത്തെ സിനിമാ ജീവിതത്തിൽ നിരവധി അവിസ്‍മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്‍പുത് എന്ന യുവപ്രതിഭ, ചെയ്‍തുതീർക്കാൻ നിരവധി റോളുകൾ ബാക്കിവച്ചാണ് ഈ ലോകത്ത് നിന്നും വിടപറഞ്ഞത്.

Tags