കൊല്ലം: വാക്ക് തർക്കത്തിന് പിന്നാലെ യുവാവിനെ തടഞ്ഞു നിർത്തി കുത്തിക്കൊലപ്പെടുത്തി. കൊല്ലം ശക്തികുളങ്ങര മരുത്തടി ഓംചേരി കിഴക്കതിൽ (കുക്കു–29) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഓട്ടോ തൊഴിലാളിയാണ് കൊല്ലപ്പെട്ട വിഷ്ണു. സംഭവത്തിൽ തമിഴ്നാട് മധുര സ്വദേശി പ്രകാശ് (42) മകൻ രാജപാണ്ഡ്യൻ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കാവനാട് മാർക്കറ്റിൽ ഇറച്ചി വ്യാപാരം നടത്തുന്നവരാണ് പ്രതികൾ.
പോലീസ് വിശദീകരണം ഇങ്ങനെ. കാവനാട് ജവാൻ മുക്കിൽ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.കഴിഞ്ഞ ദിവസം രാവിലെ പ്രകാശനും വിഷ്ണുവും തമ്മിൽ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ബൈക്കിൽ വരുമ്പോൾ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിന്‍റെ ബൈക്ക് എതിർദിശയിൽ വന്ന പ്രകാശിന്‍റെ ബൈക്കിൽ തട്ടി എന്ന പ്രശ്നത്തെ തുടർന്നായിരുന്നു വാക്കേറ്റം. പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നും സോഡാക്കുപ്പിയെടുത്ത് പൊട്ടിച്ച് വിഷ്ണുവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ഇടപെടൽ മൂലം ഇരുവരും പിരിഞ്ഞു പോവുകയായിരുന്നു.
തുടർന്ന് വീട്ടിലെത്തി കത്തിയുമെടുത്ത് മകനെയും കൂട്ടി പ്രകാശ് വിഷ്ണുവിനെ തിരക്കിയിറങ്ങി. ജവാൻമുക്കിന് സമീപം വച്ച് ഇയാളെ കണ്ടതോടെ ബൈക്ക് തടഞ്ഞു നിർത്തി കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ പൊലീസെത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടി. പ്രതിയായ പ്രകാശും കുടുംബവും കഴിഞ്ഞ 20 വർഷമായി കൊല്ലത്തു വാടകയ്ക്കു താമസിക്കുകയാണ് . എ.സി.പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ കാവനാട് കുരീപ്പുഴ കടവിൽ നിന്നാണ് ഇരുവരെയും കസ്റ്റിയിലെടുത്തത്