തൃശ്ശൂര്‍: തൃശ്ശൂര്‍ അരിമ്പൂര്‍ മനക്കോടിയിലെ വീട്ടില്‍ പുഴുവരിച്ച നിലയില്‍ വൃദ്ധയുടെ മൃതദേഹം കണ്ടെത്തി. മഠത്തിപറമ്പില്‍ സരോജിനി രാമകൃഷ്ണന്‍ ആണ് മരിച്ചത്. 64 വയസായിരുന്നു. മൃതദേഹത്തിന് നാല് ദിവസത്തെയെങ്കിലും പഴക്കമുണ്ടെന്നാണ് സൂചന. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സരോജനിയും ഭര്‍ത്താവും മാത്രമാണുണ്ടായിരുന്നത്. ഭര്‍ത്താവിന് മാനസികാസ്വാസ്ഥ്യമുണ്ട്. ജില്ലയ്ക്ക് പുറത്ത് ജോലി ചെയ്യുന്ന മകന്‍ ആഴ്ചയിലൊരിക്കലാണ് വീട്ടിലെത്തിയിരുന്നത്. അതിനാൽ തന്നെ മരണം നടന്നത് പുറത്തറിഞ്ഞിരുന്നില്ല.
അതേസമയം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നതിനാല്‍ തന്നെ അയല്‍ക്കാരുമായി അധികം ബന്ധം സൂക്ഷിച്ചിരുന്നില്ല. അതുകൊണ്ടാണ് മരണം വിവരം പുറത്തറിയാല്‍ വൈകിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സരോജിനി മരിച്ചതെന്നാണ് കരുതുന്നത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി, ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അസ്വാഭാവികതയില്ലെന്നാണ് പ്രാഥമിക നിഗമനം