ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിനു തകർപ്പൻ ജയം; പരമ്പര

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ന്യൂസീലൻഡിനു സ്വന്തം. രണ്ടാം മത്സരത്തിൽ 8 വിക്കറ്റിന് ഇംഗ്ലണ്ടിനെ തകർത്താണ് ന്യൂസീലൻഡ് പരമ്പര സ്വന്തമാക്കിയത്. ആദ്യ മത്സരം സമനില ആയിരുന്നു. രണ്ട് ഇന്നിംഗ്സിലുമായി 6 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെൻറിയാണ് കളിയിലെ താരം. ഡോമിനിക് കോൺവേ, റോറി ബേൺസ് എന്നിവർ മാൻ ഓഫ് ദി സീരീസ് പങ്കിട്ടു.

എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 303 റൺസെടുത്തു. 81 റൺസ് വീതമെടുത്ത റോറി ബേൺസും ഡോമിനിക് ലോറൻസുമാണ് ഇംഗ്ലണ്ട് ടോപ്പ് സ്കോറർമാരായത്. ട്രെൻ്റ് ബോൾട്ട് 4 വിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെൻറി മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസീലൻഡ് 388 റൺസെടുത്ത് പുറത്തായി. വിൽ യംഗ് (82), ഡെവോൺ കോൺവേ (80), റോസ് ടെയ്‌ലർ (80) എന്നിവരാണ് കിവീസിനായി തിളങ്ങിയത്. 4 വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡ് ആണ് ഇംഗ്ലണ്ടിനു വേണ്ടി തിളങ്ങിയത്.

രണ്ടാം ഇന്നിംഗ്സിൽ 122 റൺസ് മാത്രം എടുത്ത് ഇംഗ്ലണ്ട് പുറത്തായി. ന്യൂസീലൻഡിനായി മാറ്റ് ഹെൻറിയും നീൽ വാഗ്നറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 38 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു.
Tags