വയനാട് : ഡോക്ടറെ കാണാൻ ആശുപത്രിയിലേക്ക് പോയ ഗർഭിണിയെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനിൽ തടഞ്ഞു വച്ചതായി പരാതി . വയനാട് പടിഞ്ഞാറെത്തറ സ്വദേശിനി സി.കെ. നാജിയ നസ്റിനാണ് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത് .
ഇക്കഴിഞ്ഞ എട്ടിനു രാവിലെ കോഴിക്കോട് അത്തോളിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്ന് കൽപ്പറ്റയിലെ ഗൈനക്കോളജിസ്റ്റിനെ കാണാൻ പുറപ്പെട്ടതാണ് നാജിയയും ഭർത്താവും . വെള്ളമുണ്ടയിൽ വച്ച് എ എസ്. ഐ ഇവരെ തടഞ്ഞു നിർത്തി മോശമായി പെരുമാറുകയായിരുന്നു .
തുടർന്ന് അവിടെ നിന്ന് സ്റ്റേഷനിലേക്ക് കൊണ്ടു പോയി ഒന്നര മണിക്കൂർ നിർത്തിയെന്നും , യുവതിയുടെ നിലവിലെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെയായിരുന്നു പോലീസുകാരുടെ പ്രവൃത്തിയെന്നും പരാതിയിൽ പറയുന്നു. തുടർന്ന് യുവതിയ്ക്കും , ഭർത്താവിനുമെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തതായും പരാതിയിൽ പറയുന്നു .
നാജിയ നസ്റിന് നൽകിയ പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത് . വയനാട് ജില്ലാ പോലീസ് മേധാവി, മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ എന്നിവർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് കിട്ടിയാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് വരുത്തുവാനും നീക്കമുണ്ടന്നാണ് സൂചന .