കൊച്ചി: ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിന് തൃശൂർ കൊടകരയിലുണ്ടായ ഒരു കവർച്ചയുമായി ബന്ധപ്പെട്ട് ഭാരതീയ ജനതാപാർട്ടിയെയും അതിൻറെ നേതാക്കളെയും പൊതുസമൂഹത്തിൽ അവഹേളിക്കാനുള്ള ബോധപൂർവമായ ശ്രമം സിപിഎം നയിക്കുന്ന സർക്കാർ നടത്തുകയാണ്. സംസ്ഥാന അധ്യക്ഷൻറെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രഖ്യാപിത അജൻഡയായ മോദി വിരുദ്ധരാഷ്ട്രീയം കൂടിയാണ് സംസ്ഥാന പാർട്ടിയെ വേട്ടയാടുന്നതിലൂടെ നടപ്പാക്കപ്പെടുന്നത്. സംസ്ഥാന പോലീസിനെ രാഷ്ട്രീയ പകപോക്കലിനുപയോഗിക്കുകയാണ് സിപിഎം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുൻ മന്ത്രിയും മുൻ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടുപോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിൻറെ നിഴലിലാണ്. കേസിൽ ചോദ്യം ചെയ്യപ്പെട്ട സി.എം രവീന്ദ്രൻ വീണ്ടും ചുമതലക്കാരനായി തുടരുന്നത് കള്ളക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധത്തിൻറെ തെളിവാണ്. രാജ്യദ്രോഹക്കുറ്റത്തിൽ ആരോപണവിധേയരായതിൻറെ ജാള്യത മറയ്കാനാണ് ബിജെപിയെ ചെളിവാരിയെറിയാൻ നോക്കുന്നത്..
ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണൻ ആദ്യം സ്വന്തം മകൻറെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മൽസ്യവാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കിൽ ആറുമാസമായി അദ്ദേഹത്തിന് ജയിൽ തുടരേണ്ടി വരില്ലായിരുന്നു എന്ന് ഓർമ്മിപ്പിക്കുന്നു. കോടിയേരിയുടെ മകൻ ലഹരി കടത്ത് കേസിൽ കുരുങ്ങിയതിലുള്ള പ്രതികാരം തീർക്കാനാണ് കെ.സുരേന്ദ്രൻറെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിലും കൂടുതൽ മണ്ഡലങ്ങളിൽ ബിജെപിയുടെ സ്വാധീനം വർധിച്ചത് എൽഡിഎഫിനെയും യുഡിഎഫിനെയും ഒരു പോലെ പരിഭ്രാന്തരാക്കുന്നുണ്ട്. അതിന് തടയിടാനാണ് ദിവസവും ഓരോ കള്ളക്കഥകൾ ബിജെപിക്കെതിരെ മെനയുന്നത്.
ഒപ്പം കേരളത്തിൻറെ സാമൂഹ്യ അന്തരീക്ഷത്തെയാകെ അസ്വസ്ഥമാക്കുന്ന മുസ്ലീം പ്രീണനത്തിൻറെ മറ്റൊരു വശവും കൂടിയുണ്ട് ഈ പ്രചാരണങ്ങൾക്ക് പിന്നിൽ. ഭൂരിപക്ഷസമുദായത്തിനും ക്രൈസ്തവർക്കും ബിജെപിക്കുമേൽ വർധിച്ചുവരുന്ന വിശ്വാസം എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ അസ്വസ്ഥരാക്കുന്നതും ഹീനമായ രാഷ്ട്രീയപ്രചാരവേലകൾക്ക് പിന്നിലുണ്ടെന്ന് ഭാരതീയ ജനതാപാർട്ടിയുടെ അണികളും തിരിച്ചറിയണം. കേരളനിയമസഭയെപ്പോലും മോദിവിരുദ്ധ രാഷ്ട്രീയം പറയാനുള്ള വേദിയാക്കി മാറ്റുന്ന കേരളത്തിൽ ബിജെപിയെ ഏതുവിധേനയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുണ്ടെന്നും മനസിലാക്കണം. ഇടത് അനുഭാവം പരസ്യമാക്കിയിട്ടുള്ള ചില മാധ്യമപ്രവർത്തകരുടെയും സിപിഎം സൈബർ സംഘത്തിൻറെയും സഹായത്തോടെ നടക്കുന്ന പ്രചാരണങ്ങളിൽ നിങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടരുത്.
എന്താണ് ബി ജെ പി പ്രതിക്കൂട്ടിൽ ആയെന്ന് പറയുന്ന ഈ കുഴൽ പണക്കേസ്? ബി ജെ പിയുടെ തിരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുന്ന ഒരു ബിസിനസുകാരൻറെ (ധർമ്മരാജൻറെ) പണം കവർച്ച ചെയ്യപ്പെടുന്നു. അയാൾ പോലീസിൽ പരാതിപ്പെടുന്നു. പോലീസ്, കവർച്ച നടത്തിയവരെ പിടിച്ച് ഈ പൈസ കണ്ടെത്തിക്കൊടുക്കുന്നതിന് പകരം, പണം നഷ്ടപ്പെട്ട ആൾ, ബി ജെ പി യുടെ ചില തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചിരുന്നു എന്നതുകൊണ്ട് ഈ കേസ് എങ്ങനെ ബി ജെ പിയുമായി ബന്ധപ്പെടുത്താം എന്ന് ഗവേഷണം ചെയ്യുന്നു. കൊടകരക്കേസിൽ കേരള പോലീസ് കൃത്യമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നത്. അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നത് മോദിയാണോ പിണറായിയാണോ എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു.
ഒരു കേസിൽ പ്രതികളുടെ കോൾ ലിസ്റ്റ് പരിശോധിക്കുന്നത് മനസിലാക്കാം, പക്ഷേ പരാതിക്കാരൻറെ കോൾ ലിസ്റ്റ് എടുക്കുന്നത് വിചിത്രമായ അന്വേഷണരീതിയാണ്. പരാതിക്കാരൻ വിളിച്ചിട്ടുള്ള എല്ലാരേയും വിളിച്ച് ചോദ്യം ചെയ്യുക. പരാതിക്കാരൻ ബി ജെ പി അനുഭാവിയായതുകൊണ്ട് അദ്ദേഹത്തിൻറെ കോൾ ലിസ്റ്റിൽ പല ബി ജെ പി ഭാരവാഹികളും കാണും. ചെയ്യുന്നത് നിയമപരം അല്ല എന്ന് പോലീസിന് അറിയുന്നതുകൊണ്ട് സൈബർ ജേർണലിസ്റ്റുകൾ വഴി ഊഹാപോഹങ്ങൾ ലീക്ക് ചെയ്യുക.കുറെ ദിവസം ബ്രേക്കിംഗ് ന്യൂസ് ആയി നിർത്തുക. പൊതുജന മധ്യത്തിൽ, ബി ജെ പിയുടെ അന്തസ്സ് ഇടിക്കുക , ഇതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന അന്വേഷണ നാടകം.
ഈ കേസിൽ പിടിക്കപെട്ട ഒരാൾ ഒഴിച്ച്, മറ്റ് എല്ലാവരും, സി പി എം ബന്ധമുള്ളവരാണ്. എന്ത് കൊണ്ട് പരാതിക്കാരൻറെ കോൾ ലിസ്റ്റ് മാത്രം എടുത്ത് പരിശോധിക്കുന്നു?കണ്ണൂരിൽ നിന്നടക്കമുള്ള ഈ പ്രതികൾ ആരെയൊക്കെ വിളിച്ചു എന്ന് അന്വേഷിക്കണ്ടെ? അത് അന്വേഷിച്ചാൽ, അത് ഇടതുപക്ഷത്തെ ഉന്നതരിലേക്ക് എത്തും എന്നത് കൊണ്ടാണോ? . കേസിലെ പ്രതിയായ മാർട്ടിന് കൊടുങ്ങല്ലൂർ എംഎൽഎ വി.ആർ സുനിൽ കുമാറുമായി എന്താണ് ബന്ധം. അദ്ദേഹത്തിൻറെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇയാൾ സജീവമായിരുന്നു. എഐവൈഎഫ് വെളയനാട് യൂണിറ്റ് സെക്രട്ടറിയാണ് മാർട്ടിൻ. മറ്റൊരു പ്രതി ലിബിൻ വെള്ളക്കാട് എഐവൈഎഫ് നേതാവാണ്. കവർച്ചയ്ക്ക് ശേഷം പ്രതികൾ സഹായം തേടിയത് എസ്.എൻ പുരത്തെ സിപിഎം പ്രവർത്തകൻ റജിലിനോടാണ്. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചത് ആരുടെ സമ്മർദത്തെ തുടർന്നാണ് ? ഇവരുടെയെല്ലാം ഫോൺ കോൾ വിവരങ്ങൾ പുറത്തുവിടാൻ പോലീസിന് ധൈര്യമുണ്ടോ.
പോലീസിന് ഈ പണത്തിൻറെ ഉറവിടത്തിൽ സംശയം ഉണ്ടെങ്കിൽ ഇൻകം ടാക്സ് വകുപ്പിനെ അറിയിക്കാം. കുഴൽപ്പണ, കള്ളപ്പണ ഇടപാടുണ്ട് എന്ന് സംശയം ഉണ്ടെങ്കിൽ എൻഫോഴ്സ്‌മന്റ് ഡയറക്ടറേറ്റിനെ അറിയിക്കാം. അതൊന്നും ചെയ്യാതെ പോലീസിന് നിയമപരമായി അധികാരമില്ലാത്ത ഒരു അന്വേഷണം നടത്തുകയും വിവരങ്ങൾ പൊലിപ്പിച്ച് മാധ്യമങ്ങൾക്ക് നൽകുകയും ചെയ്യുന്നതിൻറെ പിന്നിലെ രാഷ്ട്രീയമെന്താണ്.
ഭരിക്കുന്ന പാർട്ടിയുടെ അടിമകളായ ഉദ്യോഗസ്ഥർ അങ്ങനെ പലതും ചെയ്യുന്നുണ്ടാവും. അങ്ങനെയുള്ളവർ. ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി ഇവരെല്ലാം ഓർക്കുന്നത് നല്ലത്.
ഒരു കാര്യം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൻറെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വർണ്ണക്കടത്ത് - ഡോളർക്കടത്ത് കേസുകളുടെ ചെളിക്കുണ്ടിൽ നിൽക്കുന്ന സർക്കാർ, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നത്. വാദിയുടെ മാത്രം കോൾ ലിസ്റ്റ് എടുത്തുള്ള ഈ ചോദ്യം ചെയ്യൽ നാടകം തുടരട്ടെ. അന്വേഷണ സംഘത്തിന് മുന്നിൽ തല ഉയർത്തിപ്പിടിച്ചു തന്നെ ബി ജെ പി നേതാക്കളും പ്രവർത്തകരും പോകും. പുലർച്ചെ തലയിൽ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ഞങ്ങൾ ശ്രമിക്കില്ല.
കള്ളപ്രചാരണങ്ങൾ അഴിച്ചുവിട്ട് ബിജെപി സംസ്ഥാന പ്രസിഡൻറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാർട്ടി ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാർട്ടിക്കുണ്ട്. ജിഹാദികളെ പ്രീണിപ്പിക്കാൻ നടത്തുന്ന നിയമവിരുദ്ധ കേസന്വേഷണത്തിൽ മുട്ടിടിക്കുന്നവരല്ല ഭാരതീയ ജനതാ പാർട്ടി. ഇത്തരം നിരവധി വെല്ലുവിളികളെ അതിജീവിച്ച് തന്നെയാണ് ഈ പാർട്ടി പാർലെമൻറിൽ രണ്ടു സീറ്റിൽ നിന്ന് 303 സീറ്റെന്ന നിലയിലേക്ക് വളർന്നത്. ബിജെപിക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾക്ക് എന്നും മറുപടി കൊടുത്തിട്ടുള്ളത് ഈ രാജ്യത്തെ ജനങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസം ഞങ്ങളെ തുടർന്നും മുന്നോട്ട് നയിക്കും.