പത്തനംതിട്ട: മിഥുന മാസപൂജകള്‍ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തിങ്കളാഴ്ച തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിക്കും. നട തുറക്കുന്ന 14 ന് പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല.
15 ന് ആണ് മിഥുനം ഒന്ന്. അന്നേ ദിവസം പുലര്‍ച്ചെ തിരുനട തുറന്ന് നിര്‍മ്മാല്യദര്‍ശനവും അഭിഷേകവും നടത്തും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമം നടക്കും. കൊവിഡ്-19 ലോക് ഡൗൺ കണക്കിലെടുത്ത് ഭക്തർക്ക് ശബരിമലയിലേക്ക് ഇത്തവണയും പ്രവേശനം ഉണ്ടായിരിക്കില്ല.
ഉദയാസ്തമനപൂജ,നെയ്യഭിഷേകം,കളഭാഭിഷേകം,പടിപൂജ,പുഷ്പാഭിഷേകം,സഹസ്രകലശാഭിഷേകം തുടങ്ങിയ പ്രത്യേക പൂജകള്‍ ഈ ദിവസങ്ങളില്‍ ഉണ്ടാവുകയില്ല. മിഥുന മാസ പൂജകൾക്കായി തുറക്കുന്ന ക്ഷേത്രനട 19 ന് രാത്രി 8 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.കർക്കിടക മാസ പൂജകൾക്കായി നട തുറക്കുന്നത് ജൂലൈ മാസം 16 ന് ആണ്. 21 ന് ക്ഷേത്ര നട അടയ്ക്കും.