പത്തനംതിട്ട റാന്നിയിലും വനഭൂമിയിൽ നിന്നും വ്യാപകമായ മരംകൊള്ള :

സംരക്ഷിത വനഭൂമി റവന്യൂ പുറമ്പോക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് അധികൃതർ സ്വകാര്യവ്യക്തികൾക്ക് ഭൂമി പാട്ടത്തിന് നൽകിയത്. കോടികൾ വില വരുന്ന മരങ്ങൾ വെട്ടി മാറ്റിയിട്ടും പ്രതികളെ പിടികൂടുകയോ തൊണ്ടിമുതൽ കണ്ടെത്തുകയോ ചെയ്തിട്ടില്ല. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂവകുപ്പ് സ്വകാര്യ വ്യക്തികളിൽ നിന്നും ഈടാക്കിയ 18 ലക്ഷം രൂപയുടെ പിഴ തിരികെ നൽകാൻ പുതിയ നീക്കം.

റാന്നി ചേത്തയ്ക്കൽ വില്ലേജിൽ 781/1 -1 എന്ന സർവ്വേ നമ്പർ ഉൾപ്പെടുന്ന നാല് ദശാംശം മൂന്ന് നാല് ഹെക്ടർ ഭൂമി രേഖപ്രകാരം ഇപ്പോഴും സംരക്ഷിത വനഭൂമിയാണ് ഈ വസ്തുത മറച്ചു വച്ച് റവന്യൂ അധികൃതർ തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യകമ്പനിക്ക് ഭൂമി പാട്ടത്തിനു നൽകാൻ ശ്രമിച്ചത്. തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തി അധികാരികൾ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം സ്വകാര്യ വ്യക്തിക്ക് സംരക്ഷിത വന ഭൂമി റവന്യു പുറമ്പോക്ക് ഭൂമി എന്ന പേരിൽ പാട്ടത്തിന് നൽകി. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

പിന്നീട് വനം വകുപ്പ് നടത്തിയ പരിശോധനയിൽ 78 ലക്ഷം രൂപയുടെ മരങ്ങൾ ഇവിടെ നിന്നും മുറിച്ചു മാറ്റിയതായി കണ്ടെത്തി. എന്നാൽ തേക്കും ഈട്ടിയും ഉൾപ്പെടെ കോടികൾ വിലവരുന്ന മരങ്ങളാണ് യഥാർത്ഥത്തിൽ ഇവിടെനിന്ന് സ്വകാര്യവ്ക്തികൾ മുറിച്ച് കടത്തിയത്.

2019 മാർച്ചിലാണ് വനഭൂമിയിൽ മരങ്ങൾ മുറിച്ച് കടത്തിയത്. സ്വകാര്യ ഖനന കമ്പനിക്ക് പാറമട തുടങ്ങാനാണ് സംരക്ഷിത വന ഭൂമി
റവന്യൂ പുറമ്പോക്ക് എന്ന പേരിൽ പാട്ടത്തിന് നൽകിയത്. വ്യാപക പരാതി ഉയർന്ന അടിസ്ഥാനത്തിൽ റവന്യുവകുപ്പ് മരം മുറിച്ചു മാറ്റിയതിന് സ്വകാര്യ വ്യക്തിയിൽ നിന്നും 18 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. എന്നാൽ ഈ തുക മടക്കി സ്വകാര്യവ്യക്തികൾക്ക് നൽകാനാണ് സർക്കാർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.