കൊടകര കേസിൽ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം

കൊച്ചി: കൊടകര കവര്‍ച്ച കേസിൽ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി രാഷ്ട്രീയ സ്വയംസേവക സംഘം. ആര്‍.എസ്.എസിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ചമയ്ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്രമങ്ങൾ നടന്നതായും കേസന്വേഷണത്തിന്റെ മറവില്‍ ആര്‍എസ്എസിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണമെന്നും ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി ആവശ്യപ്പെട്ടു

രാഷ്ട്രീയസ്വയംസേവക സംഘത്തെ തകര്‍ക്കുകയെന്ന സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയാണ് കൊടകര കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടപ്പാക്കുന്നത്. കവര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നതിന് പകരം സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ മന:പൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും ആർ.എസ്.എസ് വ്യക്തമാക്കി. ആര്‍ എസ് എസിനെ ബന്ധപ്പെടുത്തി വാര്‍ത്തകള്‍ ചമയ്ക്കാന്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ശ്രമങ്ങൾ നടക്കുന്നു. കവര്‍ച്ചക്കേസിന് ആര്‍എസ്എസ് ബന്ധം, ആര്‍എസ്എസ് നേതാക്കളെ ചോദ്യം ചെയ്യാന്‍ നീക്കം തുടങ്ങിയ വാര്‍ത്തകള്‍ ഒരു വിഭാഗം മാദ്ധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നെന്നും ആർ.എസ്.എസ് പ്രാന്തീയ കാര്യകാരി വിലയിരുത്തി. അന്വേഷണത്തെ വഴിതിരിച്ച് വിടാനും ദേശീയപ്രസ്ഥാനങ്ങളെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള സംഘടിത ശ്രമങ്ങളെ ആർ.എസ്.എസ് ശക്തിയായി അപലപിച്ചു.

കൊടകര സംഭവവുമായി ആര്‍ എസ് എസിന് യാതൊരു ബന്ധവുമില്ല. ഭരണാധികാരത്തിന്റെ ബലമുപയോഗിച്ച് ദേശീയ ശക്തികളെ തളര്‍ത്താനും തകര്‍ക്കാനും സിപിഎം എക്കാലവും ശ്രമിച്ചിട്ടുണ്ട്. പോലീസിനെ സിപിഎമ്മിന്റെ രാഷ്ട്രീയ ഉപകരണമായി മാറ്റിയിരിക്കുകയാണെന്നും ആർഎസ്എസ് പ്രസ്താവനയിൽ പറയുന്നു. ആര്‍എസ്എസിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമം പോലീസ് അവസാനിപ്പിക്കണം. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്ത് കൊണ്ട് വരാന്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ആര്‍എസ്എസിനെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ശ്രമത്തിൽ നിന്ന് ഒരു വിഭാഗം മാദ്ധ്യമങ്ങൾ പിന്തിരിയണമെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ആവശ്യപ്പെട്ടു.