കടബാധ്യത; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

കൊച്ചി: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. മലയാറ്റൂർ നീലിശ്വരം സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടർന്നാണ് ആത്മഹത്യ എന്ന് ബന്ധുക്കൾ ആരോപിച്ചു.

ഇന്ന് രാവിലെ വീടിന്റെ ടെറസിന് മുകളിലാണ് ഷാജിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യത മൂലമാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക വിവരം. കപ്പ, വാഴ മുതലായവയാണ് ഷാജി കൃഷി ചെയ്തുവന്നിരുന്നത്. കടബാധ്യതയെ തുടർന്ന് ഇദ്ദേഹം കനത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കി. പ്രളയത്തിന് ശേഷം ഷാജി കൃഷി നാശം നേരിട്ടിരുന്നു.

ലോക്ക്ഡൗണിൽ വിളവുകൾ വിൽക്കാൻ സാധിക്കതായതോടെ പ്രതിസന്ധി വർധിക്കുകയായിരുന്നു. ചെറുതും വലുതുമായ നിരവധി സ്ഥാപനങ്ങളിൽ നിന്നും ഷാജി വായ്പ്പ എടുത്തിരുന്നു. മലയാറ്റൂർ നീലേശ്വരം സ്വാശ്രയകർഷക സമിതിയുടെ പ്രസിഡണ്ട് ആയിരുന്നു ഷാജി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.