ബംഗാളിൽ പട്ടാപ്പകൽ ക്ഷേത്രങ്ങൾ അടിച്ച് തകർത്ത് മതമൗലിക വാദികൾ; വർഗ്ഗീയ ലഹളയുണ്ടാക്കാൻ ശ്രമം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച് മതമൗലിക വാദികൾ. പട്ടാപ്പകൽ ക്ഷേത്രങ്ങൾ അടിച്ചു തകർത്തു. കൊൽക്കത്തയിലെ തിലിജലയിലായിരുന്നു സംഭവം.

ചന്ദൻ നഗർ, ബല്ലിഗഞ്ച് എന്നീ പ്രദേശങ്ങളിലെ ക്ഷേത്രങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആയുധങ്ങളുമായി സംഘം ചേർന്നെത്തിയ മതമൗലികവാദികൾ ക്ഷേത്രങ്ങളിൽ കടന്ന് കയറി ആക്രമിക്കുകയായിരുന്നു. ഷാനി കാളി ക്ഷേത്രത്തിലാണ് ആദ്യം അക്രമം അഴിച്ചുവിട്ടത്. ഇവിടുത്തെ വിഗ്രഹങ്ങൾ അക്രമി സംഘം അടിച്ചു തകർത്തു. തടയാൻ എത്തിയ ക്ഷേത്ര അധികൃതരെയും മർദ്ദിച്ചു. തുടർന്ന് പ്രദേശത്തെ മറ്റ് ക്ഷേത്രങ്ങളിലേക്കും അക്രമം വ്യാപിപ്പിക്കുകയായിരുന്നു.

അക്രമം ചോദ്യം ചെയ്യാൻ പ്രദേശവാസികൾ എത്തി. ഇവരെയും മതമൗലികവാദികൾ ആക്രമിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തിയാണ് സംഘർഷം പരിഹരിച്ചത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകനെയും അക്രമികൾ കയ്യേറ്റം ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. മതമൗലിക വാദികൾ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ബംഗാൾ ഗവർണർ ജഗധീപ് ധൻകർ അപലപിച്ചു. മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ മുഖ്യമന്ത്രി മമതാ ബാനർജി ഉടൻ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.