പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്റെ വള ഗോഡൗണിന്റെ സമീപത്തായി കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഗോഡൗണിന്റെ സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ട് പരിപാലിച്ച് വളർത്തുന്ന രീതിയിൽ കണ്ടെത്തിയത്. കഞ്ചാവ് ചെടികള്‍ കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഐ.നൗഷാദും സംഘവും ചേര്‍ന്ന് കണ്ടെത്തിയ അന്വേഷണത്തിൽ കേസ്സെടുത്തു. ചെടികള്‍ സാമാന്യം നന്നായി വളര്‍ന്നിരുന്നു.
റബ്ബര്‍ തൈകള്‍ പ്ലാന്റു ചെയ്യുന്നതിന്റെ ഭാഗമായി എസ്റ്റേറ്റിനുള്ളിലെ കാടുകള്‍ സ്ത്രീ തൊഴിലാളികള്‍ ചേര്‍ന്ന് വെട്ടിതെളിക്കുന്നതിനിടയിലാണ് കൃഷി കണ്ടെത്തിയത്. തുമ്പ ചെടിയാണെന്നാണ് സ്ത്രീകള്‍ കരുതിയത്. വെട്ടിക്കളയാന്‍ ഫീല്‍ഡ് സൂപ്പര്‍ വൈസറെ കാണിച്ചതോടെയാണ് കഞ്ചാവു ചെടിയാണെന്ന് ബോധ്യപ്പെട്ടത്.
എന്നാൽ മഴക്കാലമായതിനാല്‍ ഈ ഭാഗത്തേക്ക് ആരും വരില്ലെന്ന് മനസ്സിലാക്കിയാണ് സംഘം കഞ്ചാവ് കൃഷി ചെയ്തതെന്നാണ് കരുതുന്നത്. പ്രദേശത്തേയ്ക്ക് ചില യുവാക്കള്‍ വരാറുണ്ടെന്നും ഇവര്‍ വെള്ളം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നതായി തൊഴിലാളികള്‍ എക്‌സൈസിനെ അറിയിച്ചിട്ടുണ്ട്. ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.