തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. രണ്ടാം തവണയാണ് പോലീസുകാർക്കിടയിൽ ഇത്തരത്തിൽ രോഗം പടർന്നുപിടിക്കുന്നത്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്‌റ്റേഷനില്‍ മാത്രം 12 പേര്‍ക്കും സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ 7 പേര്‍ക്കും, കന്റോണ്‍മെന്റ് സ്റ്റേഷനിലെ 6 പേര്‍ക്കും കൊവിഡ് ബാധിച്ചു.

എല്ലാ നിയന്ത്രണങ്ങൾക്കും മുൻപന്തിയിൽ നിർത്തേണ്ട പോരാളികൾക്ക് തന്നെ രോഗം ബാധിക്കുന്നത് സർക്കാരിനെ ആശങ്കപ്പെടുത്തുന്നു. തിരുവനന്തപുരം ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്കിലും കുറവില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആദ്യ തരംഗത്തിൽ വലിയ തോതിൽ തലസ്ഥാനത്തടക്കം പോലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തിൽ വലിയ തോതിൽ പോലീസുകാർക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാൽ ഈ ആഴ്ച മുതൽ തിരുവനന്തപുരത്ത് പോലീസുകാരിൽ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്

നീണ്ട ലോക് ഡൗണും, നിയന്ത്രണങ്ങളുമെല്ലാം ചേർന്ന് കൂടുതൽ പോലീസുകാരെ സംസ്ഥാനത്തിന് ആവശ്യമായ സന്ദർഭത്തിലാണ് ഇത്തരമൊരു വ്യാപനം ഭീഷണിയാകുന്നത്. കോവിഡിനെ പേടിച്ചല്ല പോലീസിനെ പേടിച്ചാണ് ആളുകൾ പുറത്തിറങ്ങാതിരിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡിനെ പിടിച്ചു കെട്ടുന്നതിൽ പോലീസിന് കൃത്യമായ പങ്കുണ്ട്.
Tags