വാഹനാപകടം; കന്നഡ നടൻ സഞ്ചാരി വിജയ് മരിച്ചു

ബംഗളൂരു : വാഹനാപകടത്തിൽ കന്നഡ നടൻ മരിച്ചു. ദേശീയ പുരസ്‌കാര ജേതാവായ സഞ്ചാരി വിജയ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു മരണം.

ശനിയാഴ്ചയാണ് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു പ്രവേശിപ്പിച്ചിരുന്നത്.

അപകടത്തിൽ തലയടിച്ച വീണതിനെ തുടർന്ന് വിജയ്‌യുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഇത് നീക്കം ചെയ്യാനായി അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

2015 ൽ പുറത്തിറങ്ങിയ നാൻ അവനല്ല അവളു എന്ന ചിത്രത്തിൽ ട്രാൻസ്‌ജെൻഡറായുള്ള അഭിനയത്തിനാണ് വിജയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത്. കന്നഡയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
Tags