തിരിച്ചുവരവിന് കരുത്ത് പകരാൻ ബി.ജെ.പി: നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല

ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവരവിനുള്ള നീക്കങ്ങള്‍ക്കിടെ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി ശശികല. ബി.ജെ.പിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് തിരികെ വരാനാണ് ശശികലയുടെ നീക്കം. കൂടിക്കാഴ്ചയ്ക്ക് സമയം തേടി ശശികല കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തെ സമീപിച്ചു.

അതേസമയം, മുഴുവന്‍ പാര്‍ട്ടി എം.എല്‍.എമാരുടെയും യോഗം അണ്ണാഡിഎംകെ വിളിച്ചു. പിളര്‍പ്പിന്‍റെ വക്കിലെത്തിയ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കാനാണ് ശശികലയുടെ ശ്രമം. ബിനാമി കേസുകളില്‍ ആദായനികുതി വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചതോടെ ശശികലയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയത്തിലേക്കുള്ള മടക്കം സാധ്യമായില്ല. അണ്ണാഡിഎംകെയിൽ നിലവിലുള്ള ഇ.പഴനി സ്വാമി ഒ.പനീർ സെൽവം ഭിന്നതയ്ക്കിടെ തന്റെ രണ്ടാം വരവ് സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ശശികല .

പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്ന പോലെ പാര്‍ട്ടിയെ തിരിച്ചുപിടിക്കുമെന്നും തന്‍റെ തിരിച്ചുവരവിനായി തയ്യാറായി ഇരിക്കുക എന്നുമാണ് ശശികല തിരിച്ചുവരവ് പ്രഖ്യാപിച്ചുകൊണ്ടുള്ള ശബ്ദസന്ദേശത്തിൽ പറയുന്നത്. എം.ജി.ആറിന്‍റെയും ജയലളിതയുടെയും സുവര്‍ണ്ണ കാലം ആവര്‍ത്തിക്കുമെന്നും ശശികല പറയുന്നു. പ്രവര്‍ത്തകര്‍ക്ക് നല്ല കാലം സമ്മാനിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് തമിഴ്നാട് ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചയ്ക്ക് സമയം ശശികല സമയം തേടിയത്.
Tags