സിം കാർഡുകൾ ബ്ലോക്ക് ചെയ്യും, ശമ്പളം നൽകില്ല ; വാക്സിൻ എടുപ്പിക്കാൻ പാകിസ്താന്റെ ഭീഷണികൾ

പഞ്ചാബ് ; കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ മടിക്കുന്നവരുടെ സിം കാർഡുകൾ ബ്ലോക്ക് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പാക് പഞ്ചാബ് പ്രവിശ്യാ സർക്കാർ . സിവിൽ, സൈനിക നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് പഞ്ചാബ് ആരോഗ്യമന്ത്രി ഡോ. യാസ്മിൻ റാഷിദ് ഇക്കാര്യം പ്രസ്താവിച്ചത് .

പ്രത്യേക ആരോഗ്യ വിഭാഗം വക്താവ് സയ്യിദ് ഹമ്മദ് റാസയാണ് തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. പാക് പഞ്ചാബ് പ്രവിശ്യയിലെ വാക്സിനേഷൻ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് നടപടി. ജൂൺ ഒന്നിനകം 67 ദശലക്ഷം ജനങ്ങൾക്ക് വാക്സിൻ നൽകണമെന്നായിരുന്നു സർക്കാരിന്റെ ലക്ഷ്യം . എന്നാൽ ഇതുവരെ ആകെ 4.2 ദശലക്ഷം ആളുകൾക്ക് മാത്രമേ കുത്തിവയ്പ് നൽകിയിട്ടുള്ളൂ.

പ്രതിരോധ കുത്തിവയ്പ് എടുക്കുന്ന വ്യക്തികളെ മാത്രമേ മാളുകൾ, റെസ്റ്റോറന്റുകൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ പോകാൻ അനുവദിക്കൂവെന്നാണ് റിപ്പോർട്ട്. മറ്റ് അസുഖങ്ങളുള്ള വ്യക്തികൾക്ക് മുൻ‌ഗണന നൽകി വാക്സിനേഷൻ നൽകുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു .

കൂടാതെ, പഞ്ചാബ് പ്രവിശ്യയിലെ പ്രധാന ആരാധനാലയങ്ങൾക്ക് പുറത്ത് വാക്സിനേഷൻ സെന്ററുകളും മൊബൈൽ വാക്സിനേഷൻ ക്യാമ്പുകളും സ്ഥാപിക്കും. 20% ജനങ്ങൾക്കും വാക്സിനേഷൻ ലഭിച്ച ജില്ലകളിൽ കടകൾ പൂർണ്ണമായും തുറക്കാൻ അനുവദിക്കും.

വാക്സിൻ എടുക്കാൻ വിസമ്മതിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളം നിർത്തുമെന്ന് സിന്ധ് സർക്കാരും മുന്നറിയിപ്പ് നൽകി. 2021 ഡിസംബർ അവസാനത്തോടെ 70 ദശലക്ഷം ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാകുമെന്നാണ് പാകിസ്താൻ പ്രതീക്ഷിക്കുന്നത്. അതേ സമയം പാകിസ്താൻ വിതരണം ചെയ്യുന്ന ചൈനീസ് വാക്സിൻ കൊറോണ വൈറസിനെ എത്രത്തോളം പ്രതിരോധിക്കുമെന്ന കാര്യത്തിൽ ജനങ്ങൾക്ക് ആശങ്കയുണ്ട് .