തിരുവനന്തപുരം : പികെ കുഞ്ഞനന്തന്റെ ചരമ ദിനം സിപിഎം ആചരിച്ചതിൽ വ്യാപക പ്രതിഷേധം. ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കുഞ്ഞനന്തന്റെ ചരമ വാർഷികമാണ് പാർട്ടി സമുചിതമായി ആചരിച്ചത്. കൊലക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ ഷാഫി സ്മൃതി മണ്ഡപത്തിന് മുന്നൽ നിൽക്കുന്ന ചിത്രവും പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
ടിപി വധക്കേസിലെ പങ്ക് തെളിയിക്കപ്പെട്ടത് മുതൽ കുഞ്ഞനന്തനെ വീരപുരുഷനായി സിപിഎം കൊണ്ടാടുകയാണെന്ന് പറഞ്ഞ് കോൺഗ്രസ് നേതാവും കുണ്ടറ എംഎൽഎയുമായ പി സി വിഷ്ണുനാഥും രംഗത്തെത്തി. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുകയാണെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫി സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നു. കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സിപിഎം പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത് എന്നും വിഷ്ണുനാഥ് ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചനയിൽ കോടതി വിചാരണ നടത്തി വ്യക്തമായ പങ്ക് തെളിയിക്കപ്പെട്ടതിന്റെ പേരിൽ ശിക്ഷിച്ച പ്രതിയാണ് പി കെ കുഞ്ഞനന്തൻ. കുഞ്ഞനന്തനെ അന്ന് മുതൽ വീരപുരുഷനായാണ് സി പി എം കൊണ്ടാടുന്നത്. കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ഒരാളെ വെട്ടിയരിയാൻ ഗൂഢാലോചന നടത്തിയതിനെ പാർട്ടി മഹത്വവത്കരിക്കുന്നു; ഇന്ന് കുഞ്ഞനന്തന്റെ ചരമദിനം പാർട്ടി സമുചിതമായ് ആചരിക്കുകയാണ് !
ഗൗരവം അത് മാത്രമല്ല; കുഞ്ഞനന്തൻ ഗൂഢാലോചനയാണ് നടത്തിയതെങ്കിൽ, കുറ്റകൃത്യം നേരിട്ട് നടത്തിയതിന് കോടതി ശിക്ഷിച്ച പ്രതി ഷാഫിയാണ് സ്മൃതി മണ്ഡപത്തിന് മുമ്പിൽ നിൽക്കുന്നത് …
കൊലപാതകികളെ വിഗ്രഹവത്കരിക്കുന്ന, കൊലയാളിക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന സി പി എം പൊതുസമൂഹത്തിന് നൽകുന്ന സന്ദേശം എന്താണ് ?