കർഷകനെ സഹായിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവു മൂലം കർഷകരും ആദിവാസികളും കബളിപ്പിക്കപ്പെട്ടിരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽ പെടുന്ന പലരും കേസുകളിൽ പ്രതിയാകുമെന്ന ആശങ്കയിലാണ് കഴിയുന്നത്.കർഷകരെ സഹായിക്കാനല്ല മറിച്ച് മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചതെന്ന് പകൽ പോലെ വ്യക്തമായെന്നും മുരളീധരൻ പറഞ്ഞു. മുട്ടിലിലെ മരം മുറിച്ച സ്ഥലങ്ങളിൽ ദേശീയ ജനാധിപത്യ സഖ്യം പ്രതിനിധി സംഘത്തിന്റെ നേതൃത്വത്തിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുട്ടിൽ മോഡൽ മരംമുറി മറ്റ് ജില്ലകളിലും വ്യാപകമായി നടന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനംകൊള്ളയാണ് ഇവിടെ നടന്നത്. ആമസോൺ കാടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സർക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാൻ കൂട്ടുനിന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
മലയിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മലയോര ജില്ലകൾ മോചിതമാവുന്നതിന് മുമ്പെയാണ് മരംമുറിക്കാൻ അനുവാദം നൽകുന്ന ഉത്തരവിറങ്ങിയത്. നായനാർ മന്ത്രിസഭയുടെ കാലത്തെ പേര്യ വനംകൊള്ളയുടെ പുതിയ പതിപ്പാണ് ഇപ്പോൾ നടന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കാൻ കഴിയില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാരിലെ വനം, റവന്യൂ മന്ത്രിമാർക്ക് ഈ സംഭവത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.
വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മുഖ്യപ്രതികളുമായി മുഖ്യമന്ത്രിക്കുള്ള പരിചയവും പരിശോധിക്കപ്പെടേണ്ടതാണ്. വനം വകുപ്പോ പോലീസോ അന്വേഷിച്ചാൽ കണ്ടെത്താവുന്ന ആഴമല്ല ഈ ഇടപാടിനുള്ളത്. വനനശീകരണം, അഴിമതി, ഗൂഢാലോചന തുടങ്ങി നിരവധി വകുപ്പുകൾ ചുമത്താൻ തക്ക കുറ്റകൃത്യം നടന്നതിനാൽ സ്വതന്ത്ര ഏജൻസിയുടെ സമഗ്രമായ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് കൊണ്ട് വരാൻ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി.
മുതിർന്ന എൻ.ഡി.എ നേതാക്കളായ കുമ്മനം രാജശേഖരൻ, സി.കെ.ജാനു, മഹിളാ മോർച്ച അദ്ധ്യക്ഷ അഡ്വ.നിവേദിത സുബ്രഹ്മണ്യൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജി ശങ്കർ, ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറി ഷാജി ബത്തേരി, യുവമോർച്ച അദ്ധ്യക്ഷൻ പ്രഫുൽ കൃഷണൻ സി.ആർ, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, മേഖലാ പ്രസിഡന്റ് ടി.പി ജയചന്ദ്രൻ ,മേഖലാ സെക്രട്ടറി കെ. സദാനന്ദൻ തുടങ്ങിയവരും കേന്ദ്ര മന്ത്രിയോടൊപ്പം മുട്ടിലിലെ മരം മുറിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.