ബിജെപിക്കെതിരെ ബംഗാളില്‍ മമതയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയുടെ ചരടുവലിയില്‍ തൃണമൂലില്‍ നിന്ന് ബി.ജെ.പിയിലേയ്ക്ക് പോയ പ്രമുഖ നേതാവ് തിരിച്ചെത്തി. ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. അദ്ദേഹത്തിനൊപ്പം മകന്‍ ശുഭ്രാംഷു റോയിയും ടി.എം.സിയില്‍ ചേര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍ ബി.ജെ.പിയില്‍ ഉണ്ടായ കടുത്ത ഭിന്നതയെത്തുടര്‍ന്നാണ് പാര്‍ട്ടി മാറ്റമെന്നാണ് സൂചന. 2017ല്‍ ടി.എം.സി വിട്ട റോയി ബംഗാളില്‍ ബി.ജെ.പിയെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവാണ്.

ബി.ജെ.പിയെ പരാജയപ്പെടുത്തി മമത ബാനര്‍ജി സര്‍ക്കാര്‍ ബംഗാളില്‍ വീണ്ടും അധികാരത്തില്‍ എത്തിയത് മുതല്‍ റോയിയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ദേശീയ തലത്തില്‍ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് മമതാ ബാനര്‍ജി ഒരുങ്ങുകയാണ്. അതിന് ചുക്കാന്‍ പിടിക്കാന്‍ റോയിയും ഉണ്ടാകുമെന്നാണ് സൂചനകള്‍.

ഒരു കാലത്ത് മമതയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയി ടി.എം.സി വിട്ട് ആദ്യം ബി.ജെ.പിയില്‍ ചേക്കേറിയ നേതാക്കന്‍മാരില്‍ ഒരാളാണ്. നിരവധി ടി.എം.സി എം.എല്‍.എമാരെയും നേതാക്കളെയും അടര്‍ത്തിയെടുത്ത് ബി.ജെ.പിയില്‍ എത്തിക്കാന്‍ ചുക്കാന്‍ പിടിച്ചവരില്‍ പ്രമുഖനാണ് റോയി.