കോട്ടയം: രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബി.ജെ.പിക്ക് നിലപാടുണ്ടാവണമെന്ന് ബി.ജെ.പി. നേതാവും മുൻ ഡി.ജി.പിയുമായിരുന്ന ജേക്കബ് തോമസ്. പാർട്ടി നിലപാടുകൾ പ്രവർത്തകരിലേക്കെത്തിച്ച് അതിനുവേണ്ടി പ്രവർത്തിക്കാൻ അവരെ സജ്ജമാക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു. നിലപാട് ഇല്ലാത്തതാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രശ്നമെന്നും മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഒരു വിഷയമുണ്ടാകുമ്പോൾ അവിടെ സന്ദർശിച്ച് തിരിച്ച് പോന്നത് കൊണ്ടോ, പ്രസ്താവന നടത്തിയത് കൊണ്ടോ അത് ബി.ജെ.പിയുടെ നിലപാട് ആവുകയില്ലെന്നും, നേതൃത്വ മാറ്റത്തിന് പകരം പാളിച്ച മനസ്സിലാക്കി അത് പരിഹരിക്കുക എന്നതാണ് യഥാർഥ പരിഹാര മാർഗമെന്നും ജേക്കബ് തോമസ് പറഞ്ഞു.
നിയമസഭയിൽ ബി.ജെ.പിക്ക് ഒരു എം.എൽ.എ. പോലും ഇല്ല എന്നത് വലിയ പ്രതിസന്ധിയാണെന്നും, ജനാധിപത്യ പ്രക്രിയയിൽ ബി.ജെ.പിയുടെ നയങ്ങൾ പറയാൻ നിയമസഭയിൽ ഒരാൾ പോലും ഇല്ല എന്നത് വലിയ പോരായ്മ തന്നെയാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി. ചില കാര്യങ്ങൾ ഇന്നു തന്നെ ചെയ്യാൻ തീരുമാനിച്ചാൽ മൂന്ന് വർഷം കൊണ്ട് ബി.ജെ.പിക്ക് കേരളത്തിൽ സേഫ് ലാൻഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.