ചൈനീസ് സൈബർ തട്ടിപ്പ് ; അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരിൽ നിന്ന് 150 കോടിയിലധികം രൂപ തട്ടിയെടുത്തതായി പോലീസ്

ന്യൂഡൽഹി : ചൈന ആസ്ഥാനമായുള്ള സ്ഥാപനം പവര്‍ ബാങ്ക്, ഇസഡ് പ്ലാന്‍ ആപ്പുകള്‍ വഴി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായി ഡല്‍ഹി പോലീസ്. നിക്ഷേപം മണിക്കൂറുകള്‍ കൊണ്ട് ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് .ഇതുമായി ബന്ധപ്പെട്ടു ടിബറ്റന്‍ യുവതിയടക്കം എട്ട് പേര്‍ അറസ്റ്റിലായി. ഗുഡ്ഗാവ് ആസ്ഥാനമായുള്ള പ്രധാന കമ്പനിയില്‍ നിന്ന് 97 ലക്ഷം രൂപയും കണ്ടെടുത്തു

രണ്ട് മാസത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരിൽ നിന്നായി 150 കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തതായി പോലീസ് കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവ പറഞ്ഞു. ഗുഡ്ഗാവിൽ ഓഫീസ് ആരംഭിച്ച ശേഷമായിരുന്നു തട്ടിപ്പ് . പെട്ടെന്നു വരുമാനം വര്‍ദ്ധിക്കുമെന്നു കാണിച്ച് ഓണ്‍ലൈന്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് ക്യാമ്പെയിനും സംഘടിപ്പിച്ചിരുന്നു.

കൂടുതല്‍ ആളുകളെ കൂടുതല്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതിന്, ഒരു ചെറിയ പണം മുന്‍കൂറായി ഇവര്‍ നല്‍കിയിരുന്നു. ഇതോടെ ആളുകള്‍, കൂടുതല്‍ പണം നിക്ഷേപിക്കാനും അവരുടെ സുഹൃത്തുക്കൾക്കും, ബന്ധുക്കൾക്കും ആപ്ലിക്കേഷനുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനും തുടങ്ങി.

തട്ടിപ്പിനായി 110 ഓളം കമ്പനികൾ ഇവർ ആരംഭിച്ചിരുന്നു . വിവിധ ബാങ്ക് അക്കൗണ്ടുകളും പേയ്‌മെന്റ് ഗേറ്റ്‌വേകളും വഴി 11 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ആപ്ലിക്കേഷനുകളിലൊന്നായ പവര്‍ ബാങ്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറിലെ നാലാം സ്ഥാനത്ത് ട്രെന്‍ഡിലായിരുന്നു . എന്നാൽ സൈബർ ക്രൈം സെൽ ഈ ആപ്ലിക്കേഷനുകളെ കുറിച്ച് ഇതിനോടകം അന്വേഷണവും ആരംഭിച്ചിരുന്നു.

എസിപി ആദിത്യ ഗൗതത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പ് പുറത്ത് കൊണ്ടു വന്നത് . ബെംഗളൂരു ആസ്ഥാനമായുള്ള ടെക്‌നോളജി സ്റ്റാര്‍ട്ട്അപ്പാണ് പവര്‍ ബാങ്ക് എന്ന് വിശേഷിപ്പിച്ചിരുന്നുവെങ്കിലും ആപ്ലിക്കേഷന്‍ ഹോസ്റ്റുചെയ്ത സെര്‍വര്‍ ചൈന ആസ്ഥാനമാണെന്ന് കണ്ടെത്തി.

ക്യാമറയിലേക്കുള്ള ആക്സസ് , കോൺ ടാക്റ്റ് വിവരങ്ങൾ എന്നിവയും ഈ ആപ്പുകൾ ആവശ്യപ്പെടുന്നുണ്ടായിരുന്നു . അതുകൊണ്ട് തന്നെ ഇവ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടിരിക്കാമെന്നും സൂചനകളുണ്ട്.