ന്യൂഡൽഹി : ഹൈന്ദവ വിശ്വാസങ്ങളെയും , ദേവന്മാരെയും അവഹേളിച്ചതിന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിനെതിരെ പരാതി . ഡൽഹി സ്വദേശിയായ മനീഷ് സിംഗാണ് പരാതി നൽകിയത് . ശ്രീ പരമശിവന്റെ ഒരു കൈയ്യിൽ മദ്യവും മറുകയ്യിൽ മൊബൈൽ ഫോണും കാണിക്കുന്ന ഇൻസ്റ്റഗ്രാമിലെ സ്റ്റിക്കറാണ് പരാതിക്കിടയാക്കിയിരിക്കുന്നത് .
ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണിതെന്ന് മനീഷ് സിംഗിന്റെ പരാതിയിൽ പറയുന്നു. ദശലക്ഷക്കണക്കിന് ഹിന്ദുവിശ്വാസികളാണ് പരമശിവനെ ആരാധിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം ഉദ്യോഗസ്ഥർ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്യുന്നതെന്നും പരാതിയിൽ പരാമർശിക്കുന്നു.
ഹിന്ദുദേവനെ അത്തരമൊരു അവസ്ഥയിൽ വികലമായി ചിത്രീകരിച്ച് ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ മനപൂർവ്വം വേദനിപ്പിക്കാനുള്ള നടപടിയാണ് . വിദ്വേഷം, ശത്രുത എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് ഇൻസ്റ്റഗ്രാമിന്റെ നടപടിയെന്നും മനീഷ് സിംഗ് ചൂണ്ടിക്കാട്ടുന്നു. ഇൻസ്റ്റാഗ്രാം സിഇഒയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.