മുഖ്യമന്ത്രി അടക്കമുള്ളവരുടെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നതെന്ന് കെ സുരേന്ദ്രൻ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായിവിജയനുൾപ്പടെയുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വീരപ്പൻ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്നും, പതിനാറാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ അറിവോടെ നടന്ന കടുംവെട്ടാണ് കോടിക്കണക്കിന് രൂപയുടെ മരംകൊള്ള. നിയമം ലംഘിച്ചുകൊണ്ട് അസാധാരണമായ ഉത്തരവ് ഇറക്കാനുള്ള നയപരമായ തീരുമാനം എടുത്തത് ആരാണെന്ന് വ്യക്തമാക്കണം. മന്ത്രിസഭ അറിഞ്ഞിട്ടാണോ ഉത്തരവ് പുറത്തിറക്കിയതെന്ന് മുഖ്യമന്ത്രി പറയണം. ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാനാകില്ല.

സിപിഎമ്മിന്റെ വിദ്വേഷ രാഷ്ട്രീയമാണ് ബിജെപിക്കെതിരെയുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾക്ക് പിറകിൽ. ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രവർത്തനം സംമ്പന്ധിച്ച് റിപ്പോർട്ട് നൽകാൻ ദേശീയ നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നത് മാദ്ധ്യമ സൃഷ്ടി മാത്രമാണ്. കേരളത്തിൽ സംഘടന ശക്തമാണ്. മരംകൊള്ള നടന്ന ജില്ലകളിൽ പതിനാലാം തീയതി ബിജെപി നേതാക്കൾ സന്ദർശിക്കും. പതിനാറാം തീയതി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags