കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്സിന് സ്വീകരിച്ച കുവൈത്ത് താമസ വീസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാം.
ഇന്ന് ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച ശുപാര്‍ശ സമര്‍പ്പിച്ചത്. വാക്സിനെടുത്ത പ്രവാസികളെ ഓഗസ്റ്റ് ഒന്നു മുതല്‍ രാജ്യത്തേക്ക് മടങ്ങി വരാന്‍ അനുവദിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.
കുവൈത്ത് അംഗീകരിച്ച വാക്സിന് സ്വീകരിച്ചവര്‍ക്കാണ് ഉപാധികളോടെ രാജ്യത്തേക്ക് വരാന്‍ അനുമതിയുള്ളത്. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍. ഈ വാക്സിന്റെ രണ്ട് ഡോസും എടുത്തവര്‍ക്കാണ് കുവൈത്ത് പ്രവേശനനാനുമതി നല്‍കിയിരിക്കുന്നത്.
അതേസമയം, ഭാരത് ബയോടെക്കിന്റെ കൊവാക്സിന് കുവൈറ്റ് അംഗീകാരം നല്‍കിയിട്ടില്ല. ഈ വാക്സിന് എടുത്തവര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ല. കുവൈത്തില്‍ നിന്ന് ഇപ്പോള്‍ വാക്സിന് സ്വീകരിച്ചിട്ടുള്ള പ്രവാസികള്‍ക്ക് ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് രാജ്യത്തിന് പുറത്തേക്ക് പോവുകയും മടങ്ങിവരികയും ചെയ്യാനുമാവും.