ഇന്ത്യ സമാധാനത്തിന്റെ പുരോഹിതൻ; പ്രത്യാക്രമണം നടത്താനുമറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് #Rajnathsingh

ന്യൂഡൽഹി : ലോകസമാധാനത്തിന്റെ പുരോഹിതനാണ് ഇന്ത്യയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അയൽ രാജ്യങ്ങളുമായി ഇന്ത്യ ഒരിക്കലും ആക്രമണത്തിന് മുതിർന്നിട്ടില്ല. എന്നാൽ  ഇങ്ങോട്ട് ആക്രമിക്കാൻ വന്നാൽ ശക്തമായ മറുപടി കൊടുക്കാൻ രാജ്യത്തിനറിയാമെന്ന് അദ്ദേഹം പറഞ്ഞു. ബോർഡർ റോഡ് ഓർഗനൈസേഷൻ(ബിആർഒ) നിർമ്മിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്ത്യ ലോകസമാധാനത്തിന്റെ പുരോഹിതനാണ്. അയൽ രാജ്യങ്ങൾ ഉൾപ്പെടെ മറ്റ് ഏത് രാജ്യങ്ങളുമായോ നാം പ്രശ്‌നങ്ങളോ ആക്രമണങ്ങളോ നടത്താറില്ല. എന്നാൽ ഇങ്ങോട്ട് ആക്രമിച്ചാൽ രാജ്യം ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൈനയുടെ ആക്രമണങ്ങളെ പരോക്ഷമായി വിമർശിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ഗൽവാൻ താഴ്‌വരയിൽ കാവൽ നിന്ന് ജീവൻ ത്യജിച്ച സൈനികരുടെ ധീരതയും അദ്ദേഹം പ്രശംസിച്ചു. അരുണാചൽ പ്രദേശിലും ലഡാക്കിലും ജമ്മു കശ്മീരിലുമായി 12 റോഡുകളാണ് ഇന്ന് പ്രതിരോധ മന്ത്രി ഉദ്ഘാടനം ചെയ്തത്. റോഡുകളുടെ നിർമ്മാണത്തോടെ ജനങ്ങൾക്ക് വേഗത്തിൽ ആശയവിനിമയം നടത്താനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനുമാകും. കൂടാതെ അന്താരാഷ്ട്ര അതിർത്തികളിൽ സുരക്ഷ ഉറപ്പ് വരുത്താനും പ്രതിരോധ സേനയുടെ ആവശ്യങ്ങൾക്കും ഇത് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags