ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം

ഇന്ത്യയും ന്യൂസീലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിന് നാളെ തുടക്കം. ഇന്ത്യൻ സമയം വൈകുന്നേരം 3.30 മുതലാണ് മത്സരം ആരംഭിക്കുക. ഇംഗ്ലണ്ടിലെ സതാംപ്ടണിലുള്ള റോസ്ബൗൾ സ്റ്റേഡിയത്തിലാണ് മത്സരം. ഒരു ഐസിസി ലോക കിരീടമെങ്കിലും നേടുക എന്ന ലക്ഷ്യത്തോടെ ന്യൂസീലൻഡ് ഇറങ്ങുമ്പോൾ ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

മൂന്നാം പേസർ ആര് എന്നത് മാത്രമാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. മുഹമ്മദ് സിറാജ്, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി എന്നിവരിൽ രണ്ട് പേർ ബുംറയ്ക്കൊപ്പം കളിക്കും. ഷമിയ്ക്കും ഏറെക്കുറെ സാധ്യത ഉറപ്പിക്കാം. ഇശാന്ത്, സിറാജ് എന്നിവരിൽ ഒരാൾക്കേ ടീമിൽ ഇടം ലഭിക്കുകയുള്ളൂ. അശ്വിനും ജഡേജയും ഇന്ത്യക്കായി കളത്തിലിറങ്ങു. രോഹിത്, ഗിൽ, പൂജാര, കോലി, രഹാനെ, പന്ത് എന്നിവരാവും മറ്റ് താരങ്ങൾ.

ന്യൂസീലൻഡ് നിരയിലും പേസ് ഡിപ്പാർട്ട്മെൻ്റിലാണ് തലവേദന. ബോൾട്ട്, സൗത്തി, വാഗ്നർ എന്നിവർ ടീമിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെങ്കിൽ കെയിൽ ജമീസൺ, മാറ്റ് ഹെൻറി എന്നിവരിൽ ഒരാൾ പുറത്തിരിക്കും. ജമീസൺ തന്നെ അവസാന ഇലവനിൽ എത്താനാണ് സാധ്യത. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ എത്തും. ഡെവോൺ കോൺവേ, ടോം ലാതം, കെയിൻ വില്ല്യംസൺ, റോസ് ടെയ്‌ലർ, ഹെൻറി നിക്കോൾസ്, ബിജെ വാറ്റ്‌ലിങ്, കോളിൻ ഡി ഗ്രാൻഡ്‌ഹോം എന്നിവരാവും മറ്റ് താരങ്ങൾ.

അതേസമയം, മത്സരം നടക്കുന്ന സതാംപ്ടണിൽ അഞ്ച് ദിവസവും റിസർവ് ദിനത്തിലും മഴ മുന്നറിയിപ്പുണ്ട്. ജൂൺ 18 മുതൽ 22 വരെയാണ് മത്സരം. 23ന് റിസർവ് ദിനം. ഈ ആറ് ദിവസവും സതാംപ്ടണിൽ മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
Tags