ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി ഗൂഗിൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഇതിനായി 109 കോടി രൂപയാണ് ഗൂഗിൾ നൽകുക. ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി 80 പ്ലാന്റുകളാണ് ഗൂഗിൾ സ്ഥാപിക്കുന്നത്. വിവിധ ആശുപത്രികളിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളുടെ നൈപുണ്യ വികസനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളും നടപ്പിലാക്കാനാണ് ഗൂഗിളിന്റെ തീരുമാനം. ഏകദേശം രണ്ടര ലക്ഷം മുന്നണി പോരാളികൾക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.
നേരത്തെയും ഇന്ത്യയ്ക്ക് ഗൂഗിൾ സഹായം നൽകിയിരുന്നു. 135 കോടി രൂപയാണ് ഏപ്രിൽ മാസം ഇന്ത്യയ്ക്ക് ഗൂഗിൾ സംഭാവന നൽകിയത്