ന്യൂയോർക്ക്: ഇന്ത്യ മുന്നോട്ടുവെച്ച ഉപാധികൾ ഉറപ്പാക്കിയാല് പാകിസ്താനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഐക്യരാഷ്ട്രസഭയിൽ ആവർത്തിച്ച് ഇന്ത്യൻ പ്രതിനിധി. പാകിസ്താൻ ഭീകരരെ സഹായിക്കില്ലെന്നതിന് കൃത്യവും വിശ്വസനീയവുമായ ഉറപ്പു ഭരണകൂടം നൽകണം. അത്തരം അന്തരീക്ഷത്തിൽ ചർച്ചയാകാമെന്ന് ഇന്ത്യയുടെ പ്രതിനിധി ആർ. മധുസൂദൻ ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. സഭയുടെ 78-ാം പ്ലീനറി സമ്മേളനത്തിലാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
മേഖലയിൽ സ്വസ്ഥതയും ശാന്തതയും ഉറപ്പാക്കണമെന്നത് ഇരുരാജ്യങ്ങളും തീരുമാനിച്ചാൽ മാത്രം നടക്കുന്ന ഒന്നാണ്. ഇന്ത്യ എന്നും ചർച്ചക്ക് തയ്യാറാണ്. ഐക്യരാഷ്ട്ര സഭയെ തങ്ങളുടെ അഭിപ്രായം പലതവണ അറിയിച്ചിട്ടുള്ളതുമാണ്. ഇതിനിടെ ജമ്മുകശ്മീർ വിഷയം ഉന്നയിച്ച പാകിസ്താന്റെ നടപടിയെ ഇന്ത്യ സഭയിൽ തുറന്ന് എതിർത്തു. പാക് നടപടി എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടേയും ആവർത്തിച്ചുള്ള ലംഘനമാണെന്നും മധുസൂദൻ ആരോപിച്ചു.
പാകിസ്താൻ പ്രതിനിധി മുനീർ അക്രമാണ് കശ്മീർ വിഷയം സഭയിൽ വീണ്ടും ഉന്നയിച്ചത്. ജമ്മുകശ്മീർ വിഷയം തർക്കവിഷയമാണെന്നും ഇന്ത്യയുടെ നിലപാട് മേഖലയിലെ ജനാധിപത്യത്തിനെതിരാണെന്നുമാണ് അക്രത്തിന്റെ വാദം. ഇന്ത്യ സൈനിക ഭരണമാണ് നടത്തുന്നതെന്നും പാകിസ്താൻ സഭയിൽ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യമായ ജമ്മുകശ്മീർ വിഷയത്തിൽ ഇടപെടാൻ പാകിസ്താന് യാതൊരു അവകാശമില്ലെന്നും ഇന്ത്യ തുറന്നടിച്ചു.
പാകിസ്താന്റെ പ്രസ്താവനയെ ഇന്ത്യൻ പ്രതിനിധി അക്കമിട്ട് ഖണ്ഡിച്ചു. പാകിസ്താൻ അയ്യായിര ത്തിലേറെ തവണ വെടിനിർത്തൽ ലംഘിച്ചതും ഭീകരരുടെ നുഴഞ്ഞുകയറ്റവും ഇന്ത്യ എടുത്തുപറഞ്ഞു. അതിർത്തിയിലെ പാകിസ്താന്റെ മയക്കുമരുന്ന് കച്ചവടവുമടക്കം സഭയിൽ ഇന്ത്യൻ പ്രതിനിധി തെളിവുസഹിതം നിരത്തി. പാകിസ്താനിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ വെച്ചു.