സൈന്യത്തെ പരിഹസിച്ചാൽ ഇനി കടുത്ത ശിക്ഷ : നിയമം പാസാക്കി ചൈന

ബീജിംഗ്: ചൈനയിൽ സൈന്യത്തെ വിമര്‍ശിക്കുന്നവർക്ക് ഇനി കടുത്ത ശിക്ഷ. സൈന്യത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കി പുതിയ നിയമം പാസ്സാക്കിയിരിക്കുകയാണ്. പുതിയ നിയമപ്രകാരം ചൈനയിലെ ഒരു സംഘടനയോ, വ്യക്തിയോ സൈനികരെ അവഹേളിക്കാനോ, സൈന്യത്തിന് അപമാനമുണ്ടാക്കാനോ സായുധസേനാംഗങ്ങളുടെ കീര്‍ത്തിക്ക് ദോഷം വരുന്ന തരത്തില്‍ പെരുമാറാനോ പാടില്ല. ചൈനയില്‍ 2018ല്‍ പാസാക്കിയ നിയമപ്രകാരം ദേശീയ നായകരെയും, രക്തസാക്ഷികളെയും അപമാനിക്കുന്നത് കു‌റ്റകരമാണ്. ഈ നിയമത്തിനൊപ്പമാണ് പട്ടാളത്തെ അപമാനിക്കുന്നതും കുറ്റകരമാക്കിയ നിയമം ചേര്‍ക്കുക.

എന്നാൽ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈന്യത്തെ വിമര്‍ശിച്ച്‌ ചില ചൈനീസ് മാധ്യമങ്ങളും യൂട്യൂബര്‍മാരും വാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് ചൈനീസ് ഭരണകൂടം പുതിയ നിയമം നടപ്പിലാക്കിയത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് സ്‌റ്റാ‌ന്റിംഗ് കമ്മിറ്റി ഇത് അംഗീകരിച്ചതോടെയാണ് പുതിയ നിയമം പാസാക്കിയത്. മുന്‍പ് ലഡാക്കില്‍ ഇന്ത്യയുമായുള‌ള സംഘര്‍ഷത്തില്‍ ചൈന റിപ്പോര്‍ട്ട് ചെയ്‌തതിലും കൂടുതല്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന വിവരം പങ്കുവച്ച യുട്യൂബറെ ചൈന എട്ട് മാസത്തേക്ക് തടവിന് ശിക്ഷിച്ചിരുന്നു. ക്വി സിമിംഗ് എന്ന 25 ലക്ഷം ഫോളോവര്‍മാരുള‌ള യൂട്യൂബറെയാണ് ശിക്ഷിച്ചത്. പൊതു പോര്‍ട്ടലുകളില്‍ ക്ഷമാപണം നടത്തണമെന്നും ദേശീയ മാധ്യമങ്ങളിലും പത്ത് ദിവസം ക്ഷമാപണം നടത്തണമെന്നും ശിക്ഷയിലുണ്ടായിരുന്നു.
Tags